വായ്പാ തട്ടിപ്പ്: 14 കേസുകളില്‍ പീലിയാനിക്കലിനെ പ്രതിയാക്കിയത് ആറെണ്ണത്തില്‍ മാത്രം
ആലപ്പുഴ: ആറും ഏഴും പേരുള്ള ആയിരത്തിയഞ്ഞൂറിലധികം സംഘങ്ങള്ക്ക് വായ്പ എടുത്ത് നല്കിയെന്നാണ് ഫാദര് തോമസ് പീലിയാനിക്കല് തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പറഞ്ഞത്. ഇതില് ബഹുഭൂരിപക്ഷം സംഘങ്ങള്ക്കും കൃഷി ചെയ്യാനായിരുന്നില്ല കാര്ഷിക വായ്പ തരപ്പെടുത്തിയത്.
ധാരാളം ഗ്രൂപ്പുകള് വായ്പ എടുത്ത് പണം തട്ടുക എന്ന ഉദ്ദേശത്തോടുകൂടി മാത്രം വ്യാജ രേഖ ചമച്ച് വ്യാജ ഒപ്പിട്ട് നാട്ടുകാരുടെ പേരില് അവരറിയാതെ എടുത്തവയുമായിരുന്നു. ഏഷ്യാനെറ്റ് തെളിവുകളും വെളിപ്പെടുത്തലുകളും സഹിതം അന്വേഷണ പരമ്പര തുടങ്ങിയപ്പോള് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരന് നായരുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി.
എന്നാല് ഈ സംഘത്തിന്റെ അന്വേഷണം പേരിന് മാത്രമായിരുന്നു എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഫെബ്രുവരി 18 ന് പുറത്തുവന്ന തട്ടിപ്പില് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതാകട്ടെ നാല് മാസത്തിന് ശേഷവും.ബാക്കി പ്രതികള് ഇപ്പോഴും ഒളിവിലാണെന്നാണ് പറയുന്നത്. ആദ്യമാദ്യം പോലീസ് സ്റ്റേഷനുകളില് തട്ടിപ്പിനിരയായവര് കൊടുത്ത പരാതി പോലും സ്വീകരിക്കാന് പോലീസ് തയ്യാറായിരുന്നില്ല. നിരവധി തലങ്ങളില് ശക്തമായ സമ്മര്ദ്ദം ഉണ്ടായിട്ടും പിന്തിരിയാത്തവര് മാത്രമാണ് പരാതിയുമായി മുന്നോട്ട് വന്നത്.
ആ പരാതി കേന്ദ്രീകരിച്ച് മാത്രമായിരുന്നു പിന്നീടുള്ള അന്വേഷണം. വായ്പ എടുത്ത് കൊടുക്കുന്നതിന് മുമ്പ് നൂറുകണക്കിന് ആളുകളില് നിന്ന് 25000 രൂപ വെച്ച് പീലിയാനിക്കല് പണം മുന് കൂറായി വാങ്ങിയിട്ടുണ്ട്. ഇതൊന്നും അന്വേഷിച്ചില്ല. തട്ടിപ്പിനിരയായവര് ചെങ്ങനാശ്ശേരി ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധവുമായി എത്തിത്തുടങ്ങിയതോടെ ജപ്തി ഭീഷണി നേരിടുന്നവരുടെ പണം തിരിച്ചടക്കാനുള്ള നീക്കം ചെങ്ങനാശ്ശേരി ബിഷപ്പ് ഹൗസ് കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നാണ് വിവരം. ഫാദര് പീലിയാനിക്കലിന്റെ ജാമ്യാപേക്ഷ എപിപിയും മജിസ്ട്രേറ്റും അവധിയായതിനാല് രാമങ്കരി കോടതി തിങ്കളാഴചയേ പരിഗണിക്കാന് ഇടയുള്ളൂ.
