വേനല്‍മഴയില്‍ കുട്ടനാട് കര്‍ഷകര്‍ ദുരിതത്തില്‍

ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ വേനല്‍മഴ അപ്പര്‍ക്കുട്ടനാട് മേഖലയിലെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തി. നാലായിരം ഏക്കറിലെ നെല്ലുകള്‍ നിലപൊത്തി. ചെന്നിത്തലയിലെ പത്താം ബ്ലോക്കിലും മാന്നാര്‍ പടിഞ്ഞാറന്‍ പാടശേഖരങ്ങളിലും‍ ബുധനൂര്‍ മേഖലയില്‍പ്പെട്ട പാടശേഖരത്തിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.കൊയ്തു കൊണ്ടിരുന്നതും അടുത്താഴ്ചയില്‍ കൊയ്യാനിരുന്നതും 90 ദിവസംവരെ പ്രായമായ നെല്ലുകളാണ് നിലം പൊത്തിയത്. കാറ്റിന്റെ ശക്തി കാരണംനെല്ലുകള്‍ ഒടിഞ്ഞു കിടക്കുകയാണ്. 

കൊയ്ത്തു യന്ത്രമെത്തിയാല്‍ പോലും ഇതില്‍ നിന്നും നെല്ലുകള്‍ വേര്‍ത്തിരിച്ചെടുക്കാന്‍ സാധ്യത കുറവാണെന്ന് കര്‍ഷകര്‍ പറഞ്ഞു.നെല്ലുകള്‍ വീണു കിടക്കുന്നതിനാല്‍നാശനഷ്ടങ്ങളുടെ കണക്കുകള്‍ തിട്ടപ്പെടുത്താനായിട്ടില്ല. മിക്കപാടത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് പാടത്തെത്തി ചേരാനും കഴിയാത്ത അവസ്ഥയാണ്. കൊയ്തു കൊണ്ടിരുന്ന ചില പാടശേഖരത്തിലെ നെല്ലുകള്‍ നീക്കം ചെയ്യാനാകാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. വരിനെല്ല്, പുളിപ്പന്‍പുല്ല്, താമരക്കോഴി എന്നിവയുടെ ഉപദ്രവത്തില്‍ നിന്നും രക്ഷ നേടിയതിനിടയിലാണ് ഇരുട്ടടിയേറ്റതു പോലെ വേനല്‍ മഴയും കാറ്റും ഇവിടങ്ങളിലെ കര്‍ഷകരെ കണ്ണീരും കുടിപ്പിച്ചത്.