ആലപ്പുഴ: നിശ്ചിത സമയത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാനാവാതെ കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകര്‍ ദുരിതത്തില്‍. നെല്ലിന്‍റെ വില കിട്ടാന്‍ മാസങ്ങള്‍ വൈകുന്നതും കളശല്യം കൊണ്ട് വിള കുറയുന്നതുമാണ് കര്‍ഷകരെ പ്രധാനമായും ദുരിതത്തിലാക്കുന്നത്. ഉപ്പ് വെള്ളം മൂലം കൃഷി നശിക്കുന്നവരും കുട്ടനാട്ടില്‍ ഏറെയാണ്.
കുട്ടനാട്ടിലെ വലിയൊരു വിഭാഗം കര്‍ഷകരും ബാങ്കില്‍ നിന്ന് കാര്‍ഷിക വായ്പയെടുത്താണ് കൃഷിയിറക്കുന്നത്. പക്ഷേ കൃത്യസമയത്ത് കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് അവരെ കടക്കെണിയിലേക്ക് നയിക്കുകയാണ്. നെല്ല് സര്‍ക്കാരിന് നല്‍കിയാല്‍ അതിന്‍റെ പണം കിട്ടാന്‍ മൂന്നും നാലും മാസങ്ങളാണ് വൈകുന്നത്. പിന്നെ രോഗ കീടാക്രമണങ്ങളും വരിനെല്ല് പോലുള്ള കള ശല്യവും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നു.
പ്രതീക്ഷിച്ച നെല്ല് കിട്ടാതെ വരുന്നതോടെ എടുത്ത വായ്പ പലപ്പോഴും ഒരു കൊല്ലത്തിനുള്ളില്‍ തിരിച്ചടക്കാന്‍ കഴിയാതെ വരുന്നു. പക്ഷേ അപ്പോഴേക്കും കാര്‍ഷിക വായ്പക്കുള്ള നാല് ശതമാനം പലിശയെന്ന ആനുകൂല്യം കിട്ടാതാവുകയും പലിശയും കൂട്ടുപലിശയും എല്ലാം ചേര്‍ന്ന് കര്‍ഷകര്‍ ജപ്തിഭീഷണിയിലാവുകയും ചെയ്യുന്നു.
കൃത്യ സമയത്ത് വായ്പ തിരിച്ചടക്കാന്‍ കഴിയാതിരുന്നാല്‍ അടുത്ത വായ്പ കിട്ടാതിരിക്കുകയും സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് കൊള്ളപ്പലിശയ്ക്ക് പണം കടം വാങ്ങി കൃഷി ഇറക്കേണ്ടി വരുന്ന ഗതികേടിലാണ് കര്‍ഷകര്‍. ഉപ്പ് വെള്ളം മൂലം നിരവധി കര്‍ഷകരുടെ കൃഷിയാണ് എല്ലാ പ്രാവശ്യവും ഇല്ലാതാവുന്നത്.
എന്നാല്‍ അത് പ്രകൃതി ക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരുകള്‍ ഇതുവരെ തയ്യാറായില്ല. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്ത് കക്ഷി രാഷ്ട്രീയത്തിനതീതമായി ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് കുട്ടനാട്ടെ കര്‍ഷകര്‍.
