16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലുള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്.

ആലപ്പുഴ: പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വീടുകളിലെ മഹാശുചീകരണം ഇന്ന് തുടങ്ങും. രണ്ട് ദിവസം കൊണ്ട് അന്‍പതിനായിരം വീടുകള്‍ ശുചിയാക്കുകയാണ് ലക്ഷ്യം. അറുപതിനായിരത്തിലധികം ആളുകളാണ് ദൗത്യത്തിന്‍റെ ഭാഗമാകുന്നത്. ഇതില്‍ പതിനായിരം പേര്‍ ആലപ്പുഴക്ക് പുറത്തുള്ള ജില്ലകളില്‍നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളായിരിക്കും. 

ഇലക്ട്രീഷ്യന്മാര്‍‍, പ്ലംബര്‍മാര്‍‍‍, ആശാരിമാര്‍ എന്നിങ്ങനെ വിവിധ സംഘങ്ങളായി കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലേക്ക് പോകും. കൈനകരി, പുളിങ്കുന്ന്, ചമ്പക്കുളം, കാവാലം, നെടുമുടി എന്നീ പഞ്ചായത്തുകളിലേക്ക് ബോട്ടുകളിലാകും ആളുകളെ എത്തിക്കുക. മറ്റ് പഞ്ചായത്തുകളിലേക്ക് ടോറസുകളിലും ആളുകളെ എത്തിക്കും. എന്നാല്‍ കൈനകരിയിലും പുളിങ്കുന്നിലും ഉള്‍പ്പെടെ ഭൂരിഭാഗം വീടുകളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

ജില്ലാ ഭരണകൂടവും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ചേര്‍ന്നുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലുള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. ശുചീകരണം പൂര്‍ത്തിയാക്കിയ വീടുകളിലേക്ക് 30ന് ആളുകളെ തിരിച്ചയയ്ക്കും. വീടുകളിലേക്ക് തിരികെ പോകാന്‍ കഴിയാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റും.