ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ കഴിയുമോ എന്ന് അന്വേഷിച്ചാണ് കൂറ്റന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്ന കൈനകരിയിലെ പാടശേഖരത്തില്‍ ഞങ്ങളെത്തിയത്.
ആലപ്പുഴ: കുട്ടനാട്ടിൽ ദുരിതം തുടരുകയാണ്. കൈനകരിയില്‍ ഒരു പാടശേഖരത്തില്‍ അഞ്ചുദിവസം കൂറ്റൻ മോട്ടർ അടിച്ചിട്ടും താഴ്ന്നത് രണ്ടടി വെള്ളം മാത്രമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പാടശേഖരങ്ങളിലെ വെള്ളമടിച്ച് വറ്റിക്കുമെന്ന കൃഷിമന്ത്രിയുടെ വാഗ്ദാനം നടക്കില്ലെന്നുറപ്പായി.
ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ കഴിയുമോ എന്ന് അന്വേഷിച്ചാണ് കൂറ്റന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്ന കൈനകരിയിലെ പാടശേഖരത്തില്‍ ഞങ്ങളെത്തിയത്. 200 കുതിരശക്തിയുള്ള ഈ കൂറ്റന്‍ ഡ്രഡ്ജര്‍ അഞ്ചുദിവസമായി ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. ഈ ഒരു പാടശേഖരത്തിലെ വെള്ളം രണ്ടടി മാത്രമാണ് താഴ്ന്നത്.
ഇത്രയും വലിയ മോട്ടോര്‍ ഒന്നുമാത്രമാണ് ലഭ്യമായിട്ടുള്ളതും. ഈ മോട്ടോര്‍ വേണം ഇനി ബാക്കിയുള്ള പാടശേഖരങ്ങളിലെത്തിക്കാന്‍. ഇരുനൂറിലേക്കറിലേറെ വിസ്തൃതിയുള്ള പാടശേഖരത്തില്‍ അഞ്ച് ദിവസമെങ്കിലും മോട്ടോര്‍ വെച്ച് വെള്ളമടിച്ചാലേ രണ്ടടിയെങ്കിലും വെള്ളം താഴൂ എന്ന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ തന്നെ പറയുന്നു.
എല്ലാ പാടശേഖരങ്ങളിലെയും സ്ഥാപിച്ച മോട്ടോറുകള്‍ എല്ലാം വെള്ളത്തിനടിയിലാണ്. കൂറ്റന്‍ മോട്ടോര്‍ വേറെ വെച്ച് ഈ പമ്പുസെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന നിലയിലായാലേ വീടുകളിലെയും പറമ്പിലെയും വെള്ളം താഴൂ. പക്ഷേ എത്ര ദിവസം കൊണ്ട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ കഴിയുമെന്ന് ആര്‍ക്കുമറിയാത്ത സ്ഥിതിയാണിപ്പോള്‍. തല്‍ക്കാലം രണ്ടടിയെങ്കിലും ജലനിരപ്പ് കുറച്ച് വീടുകളില്‍ താമസിക്കുന്ന നിലയിലാക്കുകയാണ് ലക്ഷ്യമിടുന്നത്.

