കുറ്റ്യാടി എംഎല്‍എ മാസ്ക് ധരിച്ച് നിയമസഭയില്‍; രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വര്ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ നിയമസഭയില് ബഹളം. കുറ്റ്യാടി എംഎല്എ പാറക്കൽ അബ്ദുള്ള മാസ്ക് ധരിച്ച് സഭയിലെത്തിയതാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും പ്രകോപിപ്പിച്ചത്. സര്ക്കാരും ജനങ്ങളും ഗൗരവത്തോടെ കാണുന്ന വിഷയത്തെ മാസ്ക് ധരിച്ച് സഭയിലെത്തിയതിലൂടെ അപഹസിക്കുകയാണെന്ന് മുഖ്യമന്ത്രി തന്നെ ആരോപിച്ചു.
നിപ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല് ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില് നടത്തുന്നത്. എന്നിട്ടും മാസ്ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എംഎല്എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്ശനം.
അദ്ദേഹത്തിനു നിപ വൈറസ് ബാധ ഉണ്ടെങ്കിൽ സഭയിൽ വരാൻ പാടില്ലായിരുന്നു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോഴിക്കോട് ഇപ്പോൾ എല്ലാവരും ഇങ്ങനെ ആണ് നടക്കുന്നത് എന്നതിനാൽ പ്രതീകാത്മകമായി അങ്ങനെ വന്നതാണെന്ന് പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തെ അവസ്ഥ സര്ക്കാര് കാണണമെന്നും ശ്രദ്ധ ക്ഷണിക്കാനാണ് മാസ്ക ധരിച്ചതെന്നും പാറക്കല് അബ്ദുള്ള പറഞ്ഞു.
അതേസമയം കെവിന് വധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെയുള്ള കൊലപാതകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യത്തില് മുഖ്യമന്ത്രി മറുപടി പറയും. വിഷയം ചര്ച്ചയ്ക്കെടുക്കുമ്പോള് സഭ വീണ്ടും ബഹളത്തില് മുങ്ങും.
