കോഴിക്കോട്: കുറ്റ്യാടിയിൽ പൊലീസിനെ ആക്രമിച്ച കേസിൽ 12 ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.. വടകരയിലെ ഒരു വീട്ടിൽ ഒളുവിൽ കഴിയുന്നതിനിടയിലാണ് ഇവർ പൊലീസ് പിടിയിലായത്. എസ്ഡിപിഐ മാർച്ചിന് അനുമതി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്

ഇന്ന് പുലർച്ചയോടെയാണ് 12 ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റ്യാടി ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ, വൈകുന്നേരത്തോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകും എന്നാണ് പൊലീസ് പറയുന്നത്. അതിനിടെ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുറ്റ്യാടി എസ് ഐയെ വിദഗ്ദ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലീസ് പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് പറഞ്ഞ ജില്ലാ നേതൃത്വം സംഭവത്തെ ന്യായീകരിച്ചു.

എസ്‍ഡിപിഐ യുടെ രാഷ്ട്രീയ വിശദീകരണ പ്രചാരണ യാത്രയ്ക്ക് അനുമതി കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും പിന്നീട് കയ്യാങ്കളിയും ഉണ്ടായത്. കുറ്റ്യാടി വളയത്തെ ലീഗ് പ്രവർത്തകനായിരുന്ന നസീറുദ്ദീന്‍റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നും പ്രചരണ ജാഥയ്ക്ക് അനുമതി കൊടുക്കരുത് എന്നുമായിരുന്നു ലീഗ് നിലപാട്. ലീഗ് പ്രവർത്തകർ പൊലീസ് വാനും ജീപ്പും അടിച്ച് തകർക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരന്നു ഇരുപതിലധികം പൊലീസ് ഉദ്യോഗസ്ഥർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.