കുവൈത്തിലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുകയാണ് മാന്‍ പവര്‍ പബ്ലിക് അതോറിട്ടി. 2010-ലെ തൊഴില്‍ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്.
തൊഴിലാളികളെ സംബന്ധിച്ചും തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തൊഴിലുടമകളെ സംബന്ധിച്ചം, തൊഴില്‍ നിയമത്തിലെ ചില വകുപ്പുകളില്‍ ഭേദഗതി വരുത്താന്‍ ഫത്‌വ ആന്‍ഡ് ലെജിസ്ലേഷന്‍ വകുപ്പ് അനുമതി നല്‍കിയതായി മാന്‍ പവര്‍ പബ്ലിക് അതോറിട്ടി അറിയിച്ചു. ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിനു മുന്പ് മന്ത്രിസഭയുടെ അനുമതിക്കായി ഭേദഗതികള്‍ നല്‍കും. നിയമം ലംഘിക്കുന്ന തൊഴിലുടമയ്‌ക്ക് ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെയും ആയിരം ദിനാര്‍ മുതല്‍ അയ്യായിരം ദിനാര്‍ വരെ പിഴയും വിധിക്കാനുള്ള നൂറ്റിമുപ്പത്തിയെട്ടാം വകുപ്പിന്റെ ഭേദഗതിയാണ് ഇതില്‍ സുപ്രധാനം. വിദേശത്തുനിന്നും തൊഴിലാളികളെ കൊണ്ടുവന്നശേഷം അവര്‍ക്ക് തൊഴില്‍ നല്‍കാതിരിക്കുന്നത് മനുഷ്യക്കടത്തിനു സമമാണെന്നും അത്തരം തൊഴിലുടമകള്‍ക്കും പിഴയും തടവും നിയമഭേദഗതി അനുശാസിക്കുന്നു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ഇവരില്‍നിന്ന് 500 മുതല്‍ ആയിരം ദിനാര്‍ വരെ പിഴയീടാക്കും. ആവര്‍ത്തിച്ചുള്ള കുറ്റത്തിന്
പിഴയും ഇരട്ടിയാകും. നിയമം ലംഘിക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്താല്‍ ഉടമയ്‌ക്ക് ആറുമാസം വരെ തടവുശിക്ഷയും ആയിരം ദിനാര്‍വരെ പിഴയും വിധിക്കാന്‍ നൂറ്റിനാല്‍പ്പത്തിരണ്ടാം വകുപ്പിന്റെ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
