കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്കുള്ള നിരക്ക് വര്‍ധനവ് ഉടന്‍ പ്രബല്ല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്.ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം മന്ത്രിയുടെ അന്തിമ അനുമതിക്കായി നല്‍കിയിരിക്കുകയാണ്. നിരക്ക് വര്‍ധന ഫെബ്രുവരിയില്‍ നടപ്പാക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിര്‍ദിഷ്ട നിരക്കു വര്‍ധന നടപ്പാക്കുന്നത് അന്തിമഘട്ടത്തിലാണെന്നും ആരോഗ്യവകുപ്പ്മന്ത്രി ഡോ. ജമാല്‍ അല്‍ ഹാര്‍ബിയുടെ അനുമതിക്കായി അവ നല്‍കിയിരിക്കുകയാണന്നുമാണ് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, മറ്റു ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവടെങ്ങളിലെ സേവനങ്ങള്‍ക്കാണ് വര്‍ധനവ് ഉണ്ടാകുക.വിവിധ സേവനങ്ങള്‍ക്കായി 30- മുതല്‍ 80 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, നിരക്കു വര്‍ധന സംബന്ധിച്ച് എംപിമാര്‍ക്കിടയില്‍ വ്യത്യസ്ത നിലപാടുകളാണുള്ളത്. വിദേശികള്‍ക്കു നല്‍കുന്ന മെഡിക്കല്‍ സേവനങ്ങളുടെ നിരക്ക് പെട്ടെന്ന് വര്‍ധിപ്പിക്കണമെന്നും, ഇത് അവരെ സംബന്ധിച്ച് വലിയ ചെലവല്ലെന്നും മൊഹമ്മദ് അല്‍ ഹര്‍ഷാനി എംപി അഭിപ്രായപ്പെട്ടു. നിരക്കു വര്‍ധന നടപ്പാക്കുന്നതിനുമുമ്പ് വ്യക്തമായ പഠനങ്ങള്‍ നടത്തണമെന്നും ഇക്കാര്യം പാര്‍ലമെന്റിനെ സര്‍ക്കാര്‍ അറിയിക്കണമെന്നും ഡോ. ആദെല്‍ അല്‍ ദാംഖി ആവശ്യപ്പെട്ടിട്ടിരിക്കുന്നത്.

മെച്ചപ്പെട്ട സംവിധാനവും സൗകര്യങ്ങളുമാണ് വിദേശികള്‍ക്ക് കുറഞ്ഞ ചെലവില്‍ നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. നിര്‍ദിഷ്ട വര്‍ധന നടപ്പാക്കിയാലും അത് യഥാര്‍ഥ ചെലവിന്റെ അടുത്തുപോലും എത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.