കുവൈത്തില്‍ തൊഴിലില്ലാത്ത വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് പതിനേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റിയെട്ട് വിദേശികളാണ് ഇത്തരത്തില്‍ കഴിയുന്നത്.

രാജ്യത്ത് തൊഴിലില്ലാത്ത വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സാമൂഹിക,- സുരക്ഷയ്‍ക്കു ഭീഷണിയാണന്ന് പാര്‍ലമെന്റിന്റെ ബജറ്റ് കമ്മിറ്റി മുന്നറിയിപ്പു നല്‍കി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മയേക്കാളും വിദേശികള്‍ക്കിടെയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലാത്ത സ്വദേശികള്‍ 11,670 ആണ്. എന്നാല്‍ വിദേശികളുടെ എണ്ണം 17,498 ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങളില്‍ ചിലത് വിദേശികള്‍ക്കു വിസ അടിച്ചുപുറത്ത് ജോലി ചെയ്യാന്‍ അനുവദിക്കുന്ന പ്രവണത ഉണ്ട്. ഇതിനെതിരെ അടുത്ത കാലത്തായി ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെങ്കിലും പൂര്‍ണതോതില്‍ നിര്‍ത്താന്‍ സാധിച്ചിട്ടില്ല.

ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം ഇരുപത്തിയൊന്നര ലക്ഷവും, സ്വദേശികള്‍ 4.35 ലക്ഷവുമാണ്. രാജ്യത്തെ തൊഴില്‍ശക്തിയുടെ 83 ശതമാനവും വിദേശികളാണന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.