കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചു. മലയാളികള്‍ ഉള്‍പ്പെടെ 27,000 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പിന്‍റെ പ്രയോജനം ലഭിക്കും.  ഈ മാസം 29-മുതല്‍ അടുത്ത മാസം 22 വരെയാണ് പൊതുമാപ്പിന്‍റെ കാലാവധി.

താമസ-കുടിയേറ്റ നിയമ ലംഘകരായി മാറിയിട്ടുള്ള വിദേശികള്‍ക്ക് പിഴ ഒടുക്കാതെ രാജ്യ വിടാനോ,അവരുടെ താമസ രേഖ പിഴ അടച്ച് നിയമ വധേനയാക്കാനുള്ള സൗകര്യവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി, നിലവില്‍ 25 ദിവസം അനുവദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്, ആഭ്യന്തരവകുപ്പ് മന്ത്രി ഖാലിദ് അല്‍ ജറാഹാണ് ഇന്ന് ഉത്തരവ് ഇറക്കിയത്.എന്നാല്‍, കോടതിയില്‍ കേസുള്ളവര്‍ക്കും സാമ്പത്തിക- കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യാത്ര വിലക്കുള്ളവര്‍ക്കും ഇളവ് ലഭിക്കില്ല.

ഇളവിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിടുന്നവര്‍ക്ക് പുതിയ വിസയില്‍ തിരിച്ചെത്തുന്നതിന് തടസ്സമുണ്ടാവില്ല. നിലവില്‍ രാജ്യത്ത് ഒരു ലക്ഷത്തിനടുത്ത് വിദേശികള്‍ താമസ-കുടിയേറ്റ നിയമ ലംഘകരുള്ളതായിട്ടാണ് റിപ്പോര്‍ട്ടുള്ളത്.ഇതില്‍, കൂടുതലും ഇന്ത്യക്കാരാണ്. മലയാളികള്‍ അടക്കം 27,000-ല്‍ അധികം ഇന്ത്യക്കാരുണ്ടന്ന്, കഴിഞ്ഞ ദവസം എംബസി അധികൃതരും വ്യക്തമാക്കിയിരുന്നു.