ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കുവൈറ്റ് ശ്രദ്ധാലുവാണെന്ന് തൊഴില്‍സാമൂഹിക കാര്യ വകുപ്പ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയില്‍ തൊഴിലാളികളുടെ അവകാശ നിഷേധവുമായി ബന്ധപ്പെട്ട് 4,223 പരാതികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തൊഴില്‍സാമൂഹിക കാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഏകദേശം അഞ്ചരലക്ഷം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജൂലൈ 31 മുതല്‍ കഴിഞ്ഞ മാസം 31 വരെ തൊഴിലാളികളുടെ അവകാശ നിഷേധവുമായി ബന്ധപ്പെട്ട് 4223 പരാതികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ ജോലിചെയ്യുന്നതിനായി ഇന്ത്യയുമായി തൊഴില്‍ കരാറില്‍ കുവൈറ്റ് ഒപ്പുവച്ചിട്ടുണ്ട്. തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വേതനം ലഭിക്കാതെ വരുന്ന അവസരങ്ങളില്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാമ്പത്തിക സെക്യൂരിറ്റി അടയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് പ്രാദേശിക അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
സൗദിയിലും, കുവൈത്തിലുമായി 10,000 തൊഴിലാളികള്‍ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നതായി കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മന്ത്രി ഹിന്ദ് അല്‍ സബീഹിന്റെ പ്രസ്താവനയെന്നുവേണം അനുമാനിക്കാന്‍.