കുവൈത്ത് സിറ്റി: ഐ.എസിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി കുവൈത്ത് പ്രതിരോധ വകുപ്പ് മന്ത്രി. അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്തെ ആന്‍ഡ്രൂസ് എയര്‍ബേസില്‍ നടന്ന ഐഎസ് വിരുദ്ധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റിനെതിരേയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നടപടികള്‍ക്ക് കുവൈറ്റ് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷേഖ് ഖാലിദ് അല്‍ ജാറഹ് അല്‍ സാബാ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. 

എല്ലാ തലങ്ങളിലുമുള്ള തീവ്രവാദ സംഘടനകളെ പരാജയപ്പെടുത്താനും ഉന്മൂലനം ചെയ്യാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് കുവൈറ്റ് ശക്തമായ പിന്തുണ നല്‍കുന്നതായി അദ്ദേഹം അമേരിക്കയില്‍ ഐഎസ് വിരുദ്ധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവേ പറഞ്ഞു.

ഐഎസിനെതിരേ ഇതുവരെയുള്ള നടപടികളുടെ പുരോഗതി വിലയിരുത്തുകയും, ഇവര്‍ക്കെതിരെ അടുത്ത പോരാട്ടത്തിനുള്ള നടപടികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. 

സൈനികവും നയതന്ത്രപരവുമായി നീക്കങ്ങളിലൂടെ ഐഎസിനെ നേരിടാനുള്ള നടപടികള്‍ക്ക്, ഐഎസ് വിരുദ്ധ രാജ്യങ്ങളിലെ പ്രതിരോധ, വിദേശകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.