കുവൈത്ത് സിറ്റി: തീവ്രവാദ സംഘടനകള്‍ക്ക് പണം കൈമാറുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിച്ച് കുവൈത്ത്. മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ യോഗത്തിലാണ് തീരുമാനം.ഇത്തരം പ്രവണതകള്‍ തടയാന്‍ കുവൈത്ത് ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ധനമന്ത്രാലയം വ്യക്തമാക്കി.
തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കൈമാറലും പൂര്‍ണമായും തുടച്ചുനീക്കാന്‍ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്‍ സായെഗ് ആവശ്യപ്പെട്ടു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തീവ്രവാദ സംഘടനകള്‍ക്ക് പണം കൈമാറുന്നതിനെതിരേയും സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് കുവൈറ്റ് ധനമന്ത്രാലയത്തിലെ എക്‌സിക്യൂട്ടീവ് തലാല്‍ അല്‍ സായെഗ് ആവശ്യപ്പെട്ടത്.
തീവ്രവാദവും അനധികൃത പണം കൈമാറ്റവും തടയുന്നതിന് കുവൈറ്റ് ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈറ്റ് നടപ്പാക്കിയിരിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് നല്‍കാന്‍ തയാറാണ്. അനധികൃത പണം കൈമാറ്റത്തിനെതിരേ നിയമം കൊണ്ടുവന്ന് നടപ്പാക്കിയ ആദ്യ രാജ്യങ്ങളിലൊന്നാണ് കുവൈറ്റെന്ന് ടാസ്‌ക് ഫോഴ്‌സ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഡോ. വാലീദ് അല്‍ ഷേഖ് അഭിപ്രായപ്പെട്ടു.
ഇത് അത്ര എളുപ്പമല്ലെങ്കിലും തീവ്രവാദവും അനധികൃത പണം കൈമാറ്റവും തടയുന്നതിനുള്ള ടാസ്‌ക് ഫോഴ്‌സിന്റെ ദൗത്യത്തില്‍ ഒരു സുപ്രധാന പങ്കാണ് കുവൈറ്റിനുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2004 ലാണ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് സ്ഥാപിതമായത്. 18 അംഗരാജ്യങ്ങളുള്ള ടാസ്‌ക് ഫോഴ്‌സ് യുഎന്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്.
