ഐ.എസ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട് ഫിലിപ്പൈന്‍സില്‍ അറസ്റ്റിലായ പൗരന്റെ പാസ്‌പോര്‍ട്ട് കുവൈത്ത് റദ്ദാക്കി. താല്‍ക്കാലിക പാസ്‌പോര്‍ട്ടില്‍ ഇയാളെ കുവൈത്തിലേക്ക് കൊണ്ടുവന്ന് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ഫിലിപ്പൈന്‍സില്‍ കഴിഞ്ഞ മാസം 25ന് അറസ്റ്റിലായ കുവൈറ്റ് പൗരന്‍ ഹുസൈന്‍ അല്‍ ദുഫൈരിയുടെ പാസ്‌പോര്‍ട്ടാണ് കുവൈറ്റ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതു സംബന്ധിച്ച കത്ത് ഫിലിപ്പൈന്‍സ് വിദേശകാര്യ വകുപ്പിന് കുവൈത്ത് എംബസി അയച്ചുകൊടുത്തു. അല്‍ ദുഫൈരിക്ക് ഐ.എസുമായി ബന്ധമുണ്ടെന്നും കുവൈത്തില്‍ ആക്രമണത്തിന് പദ്ധതി തയാറാക്കിയിരുന്നെന്നും കുവൈത്ത് എംബസി സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ള ഇയാളെ കൈമാറുന്നതിനുമായി താല്‍ക്കാലിക യാത്രാരേഖകള്‍ കുവൈത്ത് നല്‍കിയിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്നതു സംബന്ധിച്ച് അല്‍ ദുഫൈരിയെ കുവൈറ്റില്‍ കൂടുതല്‍ ചോദ്യം ചെയ്യും.ഇയാളുടെ ഭാര്യ സിറിയന്‍ സ്വദേശിനിയായ റിജാഫ് സിനയെയും ദേശീയ അന്വേഷണ ബ്യൂറോയ്ക്കു ചോദ്യം ചെയ്തിട്ടുണ്ട്. അല്‍ ദുഫൈരിയെ കുവൈത്തിനും, ഫിലിപ്പൈന്‍സിലേക്ക് വരുന്നതിന് മുമ്പ് വന്ന രാജ്യമെന്ന നിലയില്‍ റിജാഫ് സിനയെ ഖത്തറിലേക്കും നാടുകടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.