അനധികൃത താമസക്കാര്‍ക്ക്‌ രാജ്യം വിടുന്നതിനും പിഴയടച്ച്‌ താമസരേഖ നിയമ വിധേയമാക്കുന്നതിനും അവസരം നല്‍കിക്കൊണ്ട്‌ കഴിഞ്ഞ ജനുവരി 22നാണ് രാജ്യത്ത്‌  പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌.

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ്‌ കാലാവധി അവസാനിക്കുന്നതോടെ ശക്തമായ സുരക്ഷാ പരിശോധനയ്‌ക്ക് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നു. അനധികൃത താമസക്കാരില്‍ 33 ശതമാനം പേര്‍ മാത്രമാണ് പൊതുമാപ്പ്‌ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 10,500 ഇന്ത്യക്കാരും രാജ്യം വിടുന്നതിന് എംബസി വഴി ഔട്ട്‌ പാസ്‌ വാങ്ങിയിട്ടുണ്ട്.

അനധികൃത താമസക്കാര്‍ക്ക്‌ രാജ്യം വിടുന്നതിനും പിഴയടച്ച്‌ താമസരേഖ നിയമ വിധേയമാക്കുന്നതിനും അവസരം നല്‍കിക്കൊണ്ട്‌ കഴിഞ്ഞ ജനുവരി 22നാണ് രാജ്യത്ത്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌. ഏപ്രില്‍ 22 വരെയാണു പൊതുമാപ്പ്‌ കാലാവധി. എന്നാല്‍ 1,51,000 വരുന്ന അനധികൃത താമസക്കാരില്‍ ആകെ 51,500 പേരാണ് ഇതുവരെ അവസരം പ്രയോജനപ്പെടുത്തിയതെന്നാണ് കണക്ക്‌. ഇവരില്‍ 32,000 പേര്‍ രാജ്യം വിടുകയും 19,500 പേര്‍ പിഴയടച്ച് താമസരേഖ നിയമ വിധേയമാക്കുകയും ചെയ്തു. 1.20 കോടി ദിനാറാണ് ഈ ഇനത്തില്‍ സര്‍ക്കാരിനു പിഴയായി ലഭിച്ചത്‌.

30,000 ഇന്ത്യക്കാരാണ് രാജ്യത്ത്‌ അനധികൃത താമസക്കാരായി ഉണ്ടായിരുന്നത്‌. ഇവരില്‍ 15,500 പേരാണ് രാജ്യം വിടുന്നതിന് എംബസി വഴി ഔട്ട്‌ പാസ്‌ വാങ്ങിയത്‌. 2,500ഓളം പേര്‍ സ്വന്തം പാസ്‌പോര്‍ട്ട്‌ വഴി രാജ്യം വിടുകയും 5000ത്തോളം പേര്‍ ഇതിനകം താമസരേഖ നിയമ വിധേയമാക്കുകയും ചെയ്തതായാണ് എംബസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. അതേസമയം പൊതുമാപ്പ്‌ കാലാവധി കഴിയുന്ന മുറക്ക്‌ രാജ്യത്ത്‌ ശക്തമായ തെരച്ചില്‍ ആരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്‌. ഇതിനായി പഴുതടച്ചുള്ള പദ്ധതികളാണ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നതെന്ന് ഉന്നത മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ്‌ ദിനപ്പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.