കുവൈത്ത് സിറ്റി: ഇന്ത്യയിലെ ഐഎസ് അനുഭാവികള്‍ക്കു ധനസഹായം നല്‍കിയ ആളെ കുവൈത്ത് സുരക്ഷസേന അറസ്‌റ് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി വിദേശകാര്യ മന്ത്രാലയം വഴി നല്‍കിയ വിവിരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്. ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിന് ഇന്ത്യയില്‍നിന്നുള്ള ആദ്യസംഘത്തിന് ധനസഹായം നല്‍കിയ കുറ്റത്തിനാണ് കുവൈത്തി പൗരനെ സുരക്ഷസേന അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നല്‍കിയ വിവരമനുസരിച്ചാണ് ഇയാളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ 2014 മേയ് 24നു മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഐഎസില്‍ ചേരാന്‍ രാജ്യം വിട്ട അരീബ് മജീദിനെ ചോദ്യം ചെയ്തപ്പോഴാണ് എന്‍ഐഎക്ക് കുവൈത്ത് സ്വദേശിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. എന്‍ഐഎയുടെ രഹസ്യവിവരത്തെത്തുടര്‍ന്ന് കുവൈറ്റ് സുരക്ഷാ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്യാന്‍ വേണ്ടി എന്‍ഐഎ സംഘം കുവൈറ്റിലെത്തുമെന്നും പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.അതിനിടെ, കഴിഞ്ഞ ദിവസം ഐഎസുമായി ബന്ധമുണ്ടെന്നു കണ്ടെത്തി അറസ്റ്റ് ചെയ്ത ഫിലിപ്പൈന്‍സ് യുവതി ചാവേറാക്രമണത്തിന് സ്‌ഫോടകവസ്തുക്കള്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ടു വര്‍ഷം സൗദിയില്‍ ജോലിചെയ്ത ഇവര്‍ക്ക് ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുമായും ബന്ധമുണ്ടായിരുന്നു. സൗദിയില്‍ ജോലിചെയ്തിരുന്ന കാലത്താണ് ഇവര്‍ മതപരിവര്‍ത്തനം നടത്തിയിരുന്നു. ലിബിയയിലുള്ള സൊമാലിയന്‍ ഭര്‍ത്താവിനൊപ്പം ചേരാനാണ് ഇവര്‍ ഫിലിപ്പൈന്‍സ് വിട്ടത്. കുവൈറ്റില്‍ ഭീകരാക്രമണം നടത്തുന്നത് ഏകോപിപ്പിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് ഈക്കഴിഞ്ഞ ജൂണിലാണ് കുവൈത്തിലെത്തിയത്.
