കുവൈത്ത് സിറ്റി: കുവൈറ്റില്‍ മാര്‍ഗനിര്‍ദേശങ്ങക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക തൊഴില്‍ ഓഫീസുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍.വാണിജ്യ-വ്യവസായ മന്ത്രാലയമാണ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ അന്വേഷണം നടത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇവരുടെ പട്ടിക കോംപറ്റീഷന്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിക്കു നല്‍കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.

മുദ്രവച്ച കവറില്‍ തങ്ങളുടെ ക്വട്ടേഷനുകള്‍ വാണിജ്യ നിയന്ത്രണ വകുപ്പിന് സമര്‍പ്പിക്കാന്‍ ഗാര്‍ഹിക തൊഴില്‍ ഓഫീസുകള്‍ക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.ഒരോ വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടു വരുന്നതിനുള്ള ചെലവ് അറിയിക്കണം.ഇതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും മന്ത്രാലയം ഓഫീകുകള്‍ക്ക് അനുമതി നല്‍കുക.

ഫീസ് നിരക്കില്‍ കൃത്രിമം കാട്ടുന്നതിനെതിരേ ഗാര്‍ഹിക തൊഴില്‍ ഓഫീസുകള്‍ക്ക് വാണിജ്യ, വ്യവസായ മന്ത്രി ഖാലിദ് അല്‍ റൗദന്‍ മുമ്പ് താക്കീത് നല്‍കിയിരുന്നു. ഫീസ് വര്‍ധിപ്പിച്ച് വാങ്ങുന്നത് നിയമപരമായി കുറയ്‌ക്കാന്‍ എല്ലാ അധികാരവുമുപയോഗിക്കുമെന്ന് അദ്ദേഹം തൊഴില്‍ ഓഫീസ് ഉടമകളോട് വ്യക്തമാക്കിയിട്ടുണ്ട്.