നവംബര്‍ 26 ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് നൂറു സ്‌കൂളുകള്‍ സജ്ജമാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നത്. ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ ഓരോ ഗവര്‍ണറേറ്റില്‍നിന്നും 15 മുതല്‍ 25 സ്‌കൂളുകള്‍വരെ വോട്ടെടുപ്പിനായി തയാറാക്കും. ഫര്‍വാനിയ, ജഹ്‌റ, അഹ്മദി എന്നീ ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ ജനസാന്ദ്രതയുള്ളത്. നീതിന്യായ, ആഭ്യന്തര, വാര്‍ത്താ വിനിമയ മന്ത്രാലയങ്ങള്‍, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികളടങ്ങുന്ന കമ്മിറ്റി വിജയകരമായി തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കും. അതിനിടെ,നാമനിര്‍ദേശ പത്രിക രണ്ട് ദിവസം പിന്നിട്ടപ്പോള്‍ 132 പേര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ നാല് വനിതകള്‍ ഉണ്ട്. മുന്‍ മന്ത്രിമാരും നിരവധി മൂന്‍ പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെടുന്നു. ആദ്യ ദിനത്തില്‍ തന്നെ 71 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ അഞ്ചാം മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാനായി രാജകുടുംബാഗമായ ഷേഖ് മാലിക് അല്‍ ഹമൂദ് അല്‍ സബായുമുണ്ട്. ജന സേവനത്തിനായി രാജകുടുംബാംമെന്ന തന്റെ പ്രത്യേക പാസ്‌പോര്‍ട്ടും ആനുകൂല്ല്യങ്ങള്‍ ഉപേക്ഷിച്ചാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്കള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷ ഇസ്ലാമിസ്റ്റ് കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ ഇക്കുറി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടാനാണ്‌ സാധ്യത. ഈ മാസം 28 വരെ തെരഞ്ഞെടുപ്പ് പത്രികകള്‍ സമര്‍പ്പിക്കാം.