കുവൈത്ത് സിറ്റി: കുവൈത്തില്‍ റമദാനിനോടനുബന്ധിച്ച് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ അടക്കാനായി ഒരു മാസത്തെ ഇളവ് അനുവദിച്ചു.പിഴ നാളെ മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ഗതാഗത വകുപ്പിന്റെ ഓഫീസിലോ, സേവന കേന്ദ്രങ്ങളിലോ അടയ്‌ക്കാവുന്നതാണ് മന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി അറിയിച്ചു. 2015-ഡിസംബറിന് മുമ്പുള്ള ഗതാഗത നിയമലംഘന കേസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തടസമാണ് നാളെ മുതല്‍ ഒരു മാസത്തേക്ക് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ മുഹന്ന അറിയിച്ചത്.

എന്നാല്‍, ലൈസന്‍സില്ലാതെ വാഹനമോടിച്ചവരും‍, അമിത വേഗതയക്ക് കേസുള്ള വിദേശികളും, ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗതാഗത നിയമലംഘന കേസുകളും ഇതില്‍ ഉള്‍പ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ മാസമായ റമദാനിലെ നോമ്പിനോടനുബന്ധിച്ചാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗതാഗത നിയമം ലംഘിച്ചവര്‍ക്കുള്ള പിഴശിക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ഗതാഗത വകുപ്പിന്റെ ഓഫീസിലോ ഓരോ ഗവര്‍ണറേറ്റിലുമുള്ള സേവന കേന്ദ്രങ്ങളിലോ അടയ്‌ക്കാവുന്നതാണ്. ഗതാഗത നിയമലംഘനത്തിന് അധികൃതര്‍ പിടിച്ചെടുത്ത ഡ്രൈവിംഗ് ലൈസന്‍സുകളും വാഹനങ്ങളും പിഴയടച്ച് കേസുകള്‍ തീര്‍പ്പാക്കി കൈവശപ്പെടുത്താന്‍ സ്വദേശികളും വിദേശികളും ഈയവസരം പ്രയോജനപ്പെടുത്തണമെന്ന് അല്‍ മുഹന്ന നിര്‍ദേശിച്ചിട്ടുണ്ട്.