കുവൈറ്റ് സിറ്റി: കുവൈത്ത് സ്‌പോര്‍ട്‌സ് നിയമങ്ങളിലെ ഭേദഗതികള്‍ക്ക് കുവൈറ്റ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി മന്ത്രി ഖാലിദ് അല്‍ റൗഡന്‍.പാര്‍ലമെന്റിന്റെ സ്‌പോര്‍ട്‌സ് യുവജനകാര്യ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഭേദഗതികള്‍.രേഖകള്‍ അന്താരാഷ്‌ട്ര സംഘടനകള്‍ക്ക് അയച്ചുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു.

ആഗോള സ്‌പോര്‍ട്ടസ് മാര്‍ഗ നിര്‍ദേശക രേഖകളുമായി പുതിയ നിയമഭേദഗതികള്‍ യോജിച്ചുപോകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അന്താരാഷ്‌ട്ര ഫെഡറേഷനുകളോട് കുവൈറ്റ് സര്‍ക്കാര്‍ അഭ്യര്‍ഥിക്കും. ഇതിനായി നിയമഭേദഗതി സംബന്ധിച്ച രേഖകള്‍ അന്താരാഷ്‌ട്ര സംഘടനകള്‍ക്ക് അയച്ചുകൊടുക്കുമെന്ന് സ്‌പോര്‍ട്സ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ഖാലിദ് അല്‍ റൗഡന്‍ പറഞ്ഞു.

അന്താരാഷ്‌ട്ര കായിക സംഘടനകള്‍ കുവൈറ്റിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ പിന്‍വലിക്കാനുതകുന്ന തരത്തിലാണ് രാജ്യത്തെ കായിക നിയമങ്ങള്‍ മാറ്റിയെഴുതിയിരിക്കുന്നത്. 2012 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ സ്‌പോര്‍ട്‌സ് വിഷയങ്ങളില്‍ സര്‍ക്കാരിന് ഇടപെടാമെന്ന നിലയിലേക്ക് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് അന്താരാഷ്‌ട്ര കായിക സംഘടനകള്‍ ആരോപം.ഇതിന്റെ അടിസ്ഥാനത്തില്‍ കുവൈത്തിനെ ഫിഫ, ഒളിമ്പിക്സ് കമ്മിറ്റി തുടങ്ങിയ സംഘടനകള്‍ ഒന്നര വര്‍ഷത്തിന് മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

പാര്‍ലമെന്റിന്റെ യുവജന, കായിക കമ്മിറ്റി ഭേദഗതികളോടെ പുതിയ സ്‌പോര്‍ട്‌സ് കരടു നിയമത്തിന് കഴിഞ്ഞ മാസം അംഗീകാരം നല്‍കിയതായി കമ്മിറ്റി തലവന്‍ സാദും അല്‍ ഒത്തൈബി പറഞ്ഞു.ഭേദഗതികള്‍ അന്താരാഷ്‌ട്ര സംഘടനകള്‍ കുവൈത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ആഴ്ച കൂടിയ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ യോഗത്തില്‍ കുവൈത്തിനെതിരെയുള്ള വിലക്ക് തുടരാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ അതോടെപ്പം,സ്‌പോര്‍ട്സ് നിയമങ്ങളില്‍ മാറ്റം വരുത്തുന്ന ഘട്ടത്തില്‍ തീരുമാനത്തില്‍ പനപരിശോധനയുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.