കുവൈത്ത്: കുവൈത്തില്‍ പൊതുമാപ്പ് കാലാവധി നീട്ടിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്ത് താമസ രേഖയില്ലാതെ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാനും അനുമതി നല്‍കി കൊണ്ടുള്ള പൊതുമാപ്പ് കാലാവധി ഏപ്രില്‍ മാസം 22 വരെ നീട്ടിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തേ ഈ മാസം 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്. രാജ്യത്ത് ഏകദേശം ഒരു ലക്ഷത്തി അമ്പതി നാലായിരം പരം അനധികൃത താമസക്കാര്‍ ഉള്ളതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ മുപ്പതിനായിരത്തോളം ആളുകള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന നിയമ ലംഘകര്‍ക്ക് കൂടി താമസ രേഖ ശരിയാക്കുന്നതിനോ രാജ്യം വിടാനോ കൂടുതല്‍ സമയം അനുവദിക്കണമെന്ന് മന്ത്രാലയം ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മന്ത്രിയുടെ ഉത്തരവ് വന്നിരിക്കുന്നത്. മുപ്പതിനായിരത്തോളം ഇന്ത്യക്കാര്‍ നിയമലംഘകരായി രാജ്യത്ത് ഉള്ളതായിട്ടാണ് കണക്കുകള്‍. ഇതില്‍ ഔട്ട്പാസിനായി എംബസിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള 9000 അപേക്ഷകളില്‍ ഏഴായിരത്തോളം ഔട്ട്പാസുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.