കുവൈത്ത് സിറ്റി: കുവൈറ്റ് തീരങ്ങളിലും ബീച്ചുകളിലും മത്സ്യങ്ങള്‍ ചത്ത് അടിയുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കാര്‍ഷിക കാര്യ-മത്സ്യസമ്പത്ത് പൊതു അതോറിട്ടി. കുവൈറ്റ് ബീച്ചുകളില്‍നിന്ന് അഞ്ചു ടണ്ണിലധികം ചത്ത മത്സ്യങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാര്‍ഷിക കാര്യ പൊതു അതോറിട്ടി നീക്കം ചെയ്തത്.
കാര്‍ഷിക കാര്യ- മത്സ്യസമ്പത്ത് പൊതു അതോറിട്ടിയാണ് പരിസ്ഥിതിക്ക് വളരെ ദോഷമുണ്ടാക്കുന്ന പ്രതിഭാസത്തിന് പരിഹാരം കാണണമെന്നാണ് പരിസ്ഥിതി പൊതു അതോറിട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കടല്‍വെള്ളത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്ന് അരോപണം.
മീനകള്‍ ചത്തുപൊങ്ങിയതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വിവധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിരവധി എംപിമാര്‍ വിമര്‍ശിച്ചു. അതിനിടെ, കടല്‍മത്സ്യങ്ങള്‍ കഴിക്കുന്നതിനെതിരേയും മലിനമാക്കപ്പെട്ട മത്സ്യം കഴിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് ആരോഗ്യമന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതായുള്ള വാര്‍ത്ത മന്ത്രാലയം തള്ളിക്കളഞ്ഞു.
മന്ത്രാലയമോ ഫുഡ് ലാബോറട്ടറിയോ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റ് മുനിസിപ്പാലിറ്റി നിര്‍ദേശിക്കുന്ന ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളും പ്രാദേശികമായി പിടിക്കുന്ന മത്സ്യങ്ങളുമാണ് ലാബില്‍ പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്.
കടല്‍ത്തീരത്ത് ചത്തൊടുങ്ങിയ മത്സ്യങ്ങള്‍ പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സില്ലാത്തവരില്‍നിന്നോ അനധികൃത വില്‍പനശാലകളില്‍നിന്നോ മീന്‍ വാങ്ങരുതെന്ന് പൗരന്‍മാരോടും പ്രവാസികളോടും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
