കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ നിയമങ്ങില്‍ ചില ഭേദഗതികള്‍ വരുത്തിയതായി മാനവവിഭവശേഷി പൊതു അതോറിട്ടി. ഇതിന്റെ ഭാഗമായി ,കമ്പിനികളെ അവയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗമായിട്ട് തരം തിരിക്കും. സ്വകാര്യമേലയിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞ പ്രതിമാസ വേതനം 75 ദിനാറായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കമ്പിനികളില്‍ തൊഴില്‍ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലും, സ്വകാര്യ-പെട്രോളിയം മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ ശമ്പളം നിജപ്പെടുത്തിയത് അടക്കമുള്ള നിയമങ്ങളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. തൊഴില്‍മന്ത്രാലയത്തിന്റെ 647-2017 ഉത്തരവുപ്രകാരം, തൊഴില്‍ വിസ അനുവദിക്കുന്നത് മൂന്നു വിഭാഗങ്ങളായി തരം തിരിച്ചതായി മാനവവിഭവശേഷി പൊതു അതോറിട്ടി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൗസ വ്യക്തമാക്കി.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപ കമ്പനികള്‍, ഹോട്ടലുകള്‍, യൂണിവേഴ്‌സിറ്റികള്‍, കോളജുകള്‍, എന്നിങ്ങനെയുള്ളവ ഒന്നാമത്തെ വിഭാഗത്തില്‍പെടും. ഇത്തരം കമ്പനികള്‍ക്ക് ആവശ്യമായ തൊഴിലവസരങ്ങളുടെ എണ്ണം അനുസരിച്ച് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.

സ്‌പോര്‍ട്‌സ് ക്ലബുകള്‍, സാമൂഹിക ഓര്‍ഗനൈസേഷനുകള്‍, സഹകരണ സൊസൈറ്റികള്‍, ട്രേഡ് യൂണിയനുകള്‍ മുതലായവയാണ് രണ്ടാമത്തെ വിഭാഗം.
നിര്‍മ്മാണ ശാലകള്‍, ട്രാവല്‍ ഏജന്‍സികള്‍,ആരോഗ്യ ക്ലബുകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും, സിനിമാശാലകള്‍, വിനോദ സിറ്റികള്‍, ആയിരം ചതുരശ്രയടിയില്‍ കുറയാത്ത വിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവ മൂന്നാമത്തെ വിഭാഗത്തിലാവും ഉള്‍പെടുക.

അതുപോലെ തന്നെ സ്വകാര്യ മേഖലയിലും പെട്രോളിയം മേഖലയിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ പ്രതിമാസ വേതനം 75 ദിനാറായി നിജപ്പെടുത്തിയട്ടുമുണ്ട്. സര്‍ക്കാര്‍ കരാറുകള്‍ ഉള്‍പ്പെടെ പുതിയതും പുതുക്കിയതുമായ എല്ലാ കരാറുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും അതോറിട്ടി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.