അവശ്യസാധനങ്ങളുടെ വിലവര്‍ധന തടയുന്നതിന് ആവശ്യമായ നടപടിയെടുക്കാതെയും സ്വദേശികള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാതെയും പെട്രോള്‍ വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബന്ധപ്പെട്ട മന്ത്രിമാരെ കുറ്റവിചാരണ നടത്താനാണ് ചില എംപിമാരുടെ നീക്കം. ധനകാര്യ, വാണിജ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെയാണിത്. ഒക്ടോബറില്‍ നടക്കുന്ന അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കുറ്റവിചരണയക്ക് നീക്കമുള്ളതായിട്ടാണ് റിപ്പോര്‍ട്ട്.
പെട്രോള്‍ വിലവര്‍ധന നടപ്പാക്കുന്നത് മാറ്റിവയ്‌ക്കണമെന്ന എംപിമാരുടെ അഭ്യര്‍ഥനകള്‍ അവഗണിച്ചാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് പെട്രോളിന് വില വര്‍ധിപ്പിച്ചത്. അതും, ദേശീയ അസംബ്ലിയുടെ വേനല്‍ക്കാല അവധി സമയത്തും, അതുകൊണ്ട് ബന്ധപ്പെട്ട മന്ത്രിമാരെ ചോദ്യംചെയ്യാന്‍ അടുത്ത സമ്മേളനം ആരംഭിക്കുന്നത് കാത്തിരിക്കുകയാണെന്നും അലി അല്‍ ഖമീസ് എംപി പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും ഖലീല്‍ അബൂള്‍ എംപിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
