കുവൈത്ത് സിറ്റി: കുവൈറ്റില്‍ പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍ മുബാരക് അല്‍ ഹമദ് അല്‍ സാബായുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. 15-അംഗമന്ത്രിസഭയില്‍ രണ്ട് വനിതകളടക്കം പുതുമുഖങ്ങളും ഇടംനേടി.മന്ത്രിസഭയിലെ രണ്ടാമനായിട്ടുള്ള ഷേഖ് നാസര്‍ സാബാ അല്‍ അഹ്മദ് അല്‍ സാബായെ ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധവകുപ്പ് മന്ത്രിയുടെ ചുമതലയാണ് വഹിക്കുന്നത്.

69 കാരനായ ഇദ്ദേഹം 2006 മുതല്‍ അമിരി ദിവാന്‍ മന്ത്രിയാണ്. മൂന്ന് ഉപപ്രധാനമന്ത്രിമാരുമുണ്ട്.വിദേശകാര്യ മന്ത്രിയായ ഷേഖ് സാബാ ഖാലിദ് അല്‍ ഹമദ് അല്‍ സാബാ,ആഭ്യന്തരവകുപ്പ് മന്ത്രി ഷേഖ് ഖാലിദ് അല്‍ ജാറഹാ, ക്യാബിനറ്റ് കാര്യ-വകുപ്പ് മന്ത്രി അനസ് ഖാലീദ് അല്‍ സാലെ എന്നിവരാണിത്.ഇത്തവണ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന തൊഴില്‍ -സാമൂഹികകാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹിനു പുറമെ താമസകാര്യ വകുപ്പിന്റെ ചുമതല ജിനാല്‍ മൊഹ്‌സീന്‍ റമദാനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നയ്യീഫ് ഫാലെ അല്‍ ഹജ്‌റാഫ്-ധനകാര്യം, ഡോ. ബാസെല്‍ ഹുമുദ് ഹമദ് അല്‍ സാബാ ആരോഗ്യവകുപ്പ്. വാണിജ്യ-വ്യവസായം,അതോടെപ്പം,യുവജനകാര്യം ഖാലിദ് നാസെര്‍ അല്‍ റൗദാന്‍, വാര്‍ത്താവിതരണം മൊഹമ്മദ് നാസെര്‍ അല്‍ ജാബ്രി, പെട്രോളിയം, ജല, വൈദ്യുതി ബഖീത് ഷബീബ് അല്‍ റഷിദീ. വിദ്യാഭ്യാസം ഹമിദ് മൊഹമ്മദ് അല്‍ അസ്മി , ഹുസാം അബ്ദുള്ള അല്‍ റൗമി പൊതുമരാമത്ത്‌വകുപ്പ്, ഫഹദ് മൊഹമ്മദ് അല്‍ അഫ്‌സി നീതിന്യായ, അവ്ക്വാഫ് ആന്‍ഡ് ഇസ്ലാമിക കാര്യം, ആദെല്‍ മുസെദ് അല്‍ ഖാറാഫി ദേശീയ അസംബ്ലി കാര്യ വകുപ്പുകളും കൈകാര്യം ചെയ്യുക.