കുവൈറ്റിലെ എണ്ണ ഉത്പാദന മേഖലയില്‍ ഞായറാഴ്ച മുതല്‍ പണിമുടക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്‌ക്കുന്നതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി സമരം. എണ്ണ ഉല്‍പാദന കേന്ദ്രങ്ങളിലും ശുദ്ധീകരണശാലകളിലും തൊഴിലാളികള്‍ ആഹ്വാനം ചെയത പണിമുടക്ക് ഞായറാഴ്ച മുതല്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വേതനവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ ഓയില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പരസ്യമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി എണ്ണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരത്തിന് യൂണിയന്‍ ആഹ്വാനം ചെയ്തത്.
എന്നാല്‍ യൂണിയനുമായുള്ള ചര്‍ച്ച തുടരുകയാണെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്താന്‍ തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയം, കുവൈറ്റ് പെട്രോളിയം കോര്‍പറേഷനോട് ആവശ്യപ്പെട്ടു. ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നടത്തരുതെന്ന് തൊഴിലാളി യൂണിയനോട് മന്ത്രാലയം നിര്‍ദേശിച്ചു. അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പണിമുടക്ക് നടത്താന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍, മന്ത്രിയുമായി അവസാനം നടത്തിയ ചര്‍ച്ചകളില്‍ അനുരഞ്ജനത്തിന്റെ വാതില്‍ അടഞ്ഞെന്നും, അതുകൊണ്ട് പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് യൂണിയന്‍ നേതാവ് ഫര്‍ഹാന്‍ അല്‍ അജ്മി വ്യക്തമാക്കി.
