കുവൈത്ത് സിറ്റി: കുവൈത്ത് എണ്ണമേഖലയില്‍ കഴിഞ്ഞ ആഴ്ച നടന്ന പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് പാരിതോഷികം.ജോലിക്ക് ഹാജരായവരുടെ ലിസ്റ്റ് അടിയന്തിരമായി നല്‍കാന്‍ കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ പെട്രോളിയം, പെട്രോളിയം അനുബന്ധ മേഖലകളിലെ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ പങ്കെടുക്കാതിരുന്ന തൊഴിലാളികളുടെ പേരുവിവരം നല്‍ണമെന്നാണ് കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ സിഇഒ നിസാര്‍ അല്‍ അഡ്സാനി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്കെത്തിയ ജീവനക്കാര്‍ക്ക് പ്രത്യേക പ്രതിഫലം നല്‍കാനാണ് ഇത്. കുവൈത്ത് പെട്രോളിയം കോര്‍പറേഷന് കീഴിലുള്ള കെ.ഒ.സി, കെ.എന്‍.പി.സി, കെ.ഒ.ടി.സി, പി.ഐ.സി കമ്പനികളിലെ ജീവനക്കാര്‍ക്കാണിത്. എന്നാല്‍, പണിമുടക്കില്‍ നിന്ന് വിട്ടുനിന്ന തൊഴിലാളികള്‍ക്ക് പ്രത്യേക പ്രതിഫലം നല്‍കാനുള്ള തീരുമാനം പ്രകോപനപരമാണെന്ന് തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ പ്രതികരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വേതനവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരേയാണ് ഓയില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സമരത്തിന് ആഹ്വാനം ചെയ്തത്.
തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിയമവിധേയമായി പരിഹരിക്കുന്നതിനുള്ള കരാറില്‍ യൂണിയന്‍ പ്രതിനിധികളും കെപിസിയും തമ്മില്‍ ഇന്ന് ഒപ്പുവയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണിമുടക്ക് അവസാനിപ്പിക്കുന്നതിന് അംഗീകരിച്ച എട്ട് പ്രധാന ആവശ്യങ്ങളില്‍ നിന്നു പിന്നോട്ടുപോകില്ലെന്ന് യൂണിയന്നേതാക്കള്‍ പറഞ്ഞു. എല്ലാ ആവശ്യങ്ങളും നിയമത്തിനു വിധേയമായിട്ടാണെന്ന് യൂണിയന്നേതാക്കള്‍ വ്യക്തമാക്കി. അതിനിടെ, പണിമുടക്കു നടന്ന ഈ മാസം 17 മുതല്‍ 20 വരെ ദിവസങ്ങളില്‍ രാജ്യത്ത് എണ്ണ ഉല്‍പ്പാദനം പകുതി കണ്ട് കറഞ്ഞത് വഴി 175-200 ദശലക്ഷം ഡോളറിന്റെ നഷ്‌ടം ഉണ്ടായതായും വിലയിരുത്തുന്നു.
