വിദേശികള്‍ക്കും അവര്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കുമുള്ള വൈദ്യുതി, ജല നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. വര്‍ദ്ധനവിനെ ആദ്യം എതിര്‍ത്ത അംഗങ്ങള്‍, സ്വദേശികള്‍ക്ക് വര്‍ധനവ് ബാധകമല്ലെന്ന് വ്യക്തമാക്കിയതോടെ വേട്ടെടുപ്പിലൂടെ അംഗീകാരം നല്‍കുകയായിരുന്നു. 31 പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 17 അംഗങ്ങള്‍ ബില്ലിനെതിരേ വോട്ട് ചെയ്തു. ഇതിന്റെ രണ്ടും മൂന്നും വോട്ടെടുപ്പ് രണ്ടാഴ്ചയ്ക്കുശേഷം നടക്കും. ബില്‍ പാസായാല്‍ 50 വര്‍ഷത്തിനിടെ ആദ്യമായായിട്ടാകും, വൈദ്യുതി, ജല നിരക്കുകള്‍ വര്‍ധിക്കുക. വിദേശികളുടെ താമസ അപ്പാര്‍ട്ട്‌മെന്റുകളില്‍ വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിക്കും. കിലോവാട്ടിന് രണ്ടുഫില്‍സ് എന്ന നിരക്ക് ഇപ്പോള്‍ ലഭിക്കന്നത് വിവിധ കിലോവാട്ടിന് 15 ഫില്‍സ് വരെ വര്‍ധിക്കും. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഉപയോഗത്തിന് കിലോവാട്ടിന് 25 ഫില്‍സ് വരെ നല്‍കേണ്ടിവരും. സബ്‌സിഡി നിരക്കിലുള്ള വൈദ്യുതി, ജല ഉല്‍പാദനത്തിനായി പ്രതിവര്‍ഷം 8.8 ലക്ഷംകോടി ഡോളറാണ് ചെലവഴിക്കുന്നതെന്ന് വകുപ്പ് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.