കുവൈത്തില്‍ 14 മാസങ്ങളായി അന്താരാഷ്ട്ര കായിക സംഘടനകള്‍ തുടരുന്ന വിലക്ക് നീക്കണമെന്ന അപേക്ഷ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിരസിച്ചത് കുവൈറ്റ് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തു. വിലക്ക് നീക്കാനായില്ലെങ്കില്‍ മന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യുമെന്ന് ചില അംഗങ്ങള്‍ അറിയിച്ചു.

വാര്‍ത്താവിനിമയ, യുവജനകാര്യവകുപ്പ് മന്ത്രിയും സ്‌പോര്‍ട്ട് വകുപ്പിന്റെ ചുമതലുമുള്ള ഷേഖ് സല്‍മാന്‍ അല്‍ ഹുമുദ് അല്‍ സാബായെ പാര്‍ലമെന്റില്‍ ചോദ്യംചെയ്യുമെന്ന് എംപി വാലീദ് അല്‍ തബ്താബായിയുടെ നേതൃത്വത്തില്‍ ചില അംഗങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്‌പോര്‍ട്സ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ശ്രമീക്കുന്നതിനിടയില്‍ താല്‍ക്കാലികമായി വിലക്ക് മാറ്റണമെന്ന അപേക്ഷ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിരസിച്ച സാഹചര്യത്തിലായിരുന്നു പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. ഒളിംപിക് നിയമങ്ങള്‍ ലംഘിക്കുന്നതായും സ്‌പോര്‍ട്‌സില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒളിംപിക് കമ്മിറ്റിയും ഫിഫയും മറ്റ് അന്താരാഷ്ട്ര സംഘടനകളും കുവൈറ്റിന് 2015 ഒക്‌ടോബറില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം രണ്ടുമാസത്തിനുള്ളില്‍ സ്‌പോര്‍ട്ട് നിയമത്തില്‍ ഭേദഗതി നടത്താമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിരുന്നു. ഇതിനായി കഴിഞ്ഞ ആഴ്ചയില്‍ പാര്‍ലമെന്ററി കമ്മിറ്റയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, വിലക്ക് നീക്കുന്നതിന് ഒളിംപിക് കമ്മിറ്റി മൂന്ന് നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒളിംപിക് നിയമത്തിന് യോജിച്ച നിലയില്‍ സ്‌പോര്‍ട്‌സ് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് അന്തിമരൂപം നല്‍കുക, കുവൈറ്റ് സര്‍ക്കാര്‍ പിരിച്ചുവിട്ട അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സംഘടനകളുടെ അംഗീകാരത്തോടെയുള്ള കുവൈറ്റ് കായിക സംഘടനകളെ പുനഃസ്ഥാപിക്കുക, ഒളിംപിക് കമ്മിറ്റിക്കും മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ക്കുമെതിരേയുള്ള നിയമനടപടികള്‍ എത്രയുംവേഗം അവസാനിപ്പിക്കുക തുടങ്ങിയവയാണിത്.