അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ ആരോപണങ്ങള്‍ നേരിടുന്ന കുവൈറ്റ് പ്രധാനമന്ത്രിയ്‌ക്ക് എതിരെയുള്ള വിചാരണ നടപടികള്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു. രാജ്യരക്ഷയെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ഉള്ളതിനാല്‍ പാര്‍ലമെന്റ് ഹാളില്‍നിന്ന് അംഗങ്ങളൊഴികെയുള്ളവരെ പുറത്താക്കിയാണ് പ്രധാനമന്ത്രിയെ ചോദ്യംചെയ്യലിനു വിധേയനാക്കുന്നത്. 

പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സാബായ്‌ക്കെതിരെ ഡോ.വാലിത് അല്‍ തബ്തബൈ, മുഹമ്മദ് അല്‍ മുട്ടൈര്‍, ഷുഐബ് അല്‍ മൊവസ്‍രി എന്നിവരുടെ അപേക്ഷയിലുള്ള ചോദ്യംചെയ്യലാണ് ഇന്ന് ആരംഭിച്ചത്. ചോദ്യം ചെയ്യല്‍ രഹസ്യമാക്കി നടത്തണമെന്ന അപേക്ഷ സര്‍ക്കാരിനുവേണ്ടി പാര്‍ലമെന്ററികാര്യ, നീതിന്യായ മന്ത്രി ഫാലെഹ് അല്‍ അസെബാണ് നല്‍കിയിരുന്നത്. കുവൈറ്റ് ഭരണഘടനയുടെ 94 ാം വകുപ്പനുസരിച്ച് പാര്‍ലമെന്റ് സമ്മേളനം പരസ്യമായി നടത്തണമെന്നാണ് അനുശാസിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍, പാര്‍ലമെന്റ് സ്‌പീക്കര്‍, പാര്‍ലമെന്റിലെ പത്ത് അംഗങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടാല്‍ രഹസ്യമായി നടത്താമെന്ന് ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. 

രാജ്യത്തിന്റെ സുരക്ഷ, നിയമലംഘനം, പൗരത്വം റദ്ദാക്കിയതില്‍ അധികാര ദുര്‍വിനിയോഗം, അഴിമതി, ഉന്നത സ്ഥാനങ്ങളില്‍ യോഗ്യതയില്ലാത്തവരെ നിയമിക്കല്‍, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയാണ് പ്രധാന മന്ത്രിക്കെതിരേയുള്ള ആരോപണങ്ങള്‍. ഇതില്‍ സുരക്ഷ അടക്കമുള്ളവ വിഷയം ചര്‍ച്ചചെയ്യുന്നതിനാലാണ് സമ്മേളനം രഹസ്യമായി നടത്താന്‍ അപേക്ഷ നല്‍കിയതെന്ന് അല്‍ അസെബ് പറഞ്ഞു. പാര്‍ലമെന്റിന്റെ ശക്തമായ പിന്തുണ സര്‍ക്കാരിനുണ്ടെന്നും വോട്ടിങില്‍ അന്തിമ വിജയം സര്‍ക്കാരിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.