ക്രൂ 11 ദൗത്യ സംഘം ജനുവരി 14ന് അമേരിക്കൻ സമയം വൈകുന്നേരം 5 മണിക്ക് ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യൻ സമയം ജനുവരി 15 പുലർച്ചെ 3.30നാണ് അണ്‍ഡോക്കിങ്
ദില്ലി: ക്രൂ 11 ദൗത്യ സംഘം ജനുവരി 14ന് അമേരിക്കൻ സമയം വൈകുന്നേരം 5 മണിക്ക് ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യൻ സമയം ജനുവരി 15 പുലർച്ചെ 3.30നാണ് അണ്‍ഡോക്കിങ്. നാലംഗ ക്രൂ 11 സംഘത്തിന്‍റെ വിട പറയൽ ചടങ്ങ് പൂർത്തിയായി. വികാരനിർഭരമായ യാത്രയയപ്പാണ് നടന്നത്. തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചുമതല നാസ കമാൻഡർ മൈക്ക് ഫിൻക് റഷ്യയുടെ റോസ്കോസ്മോസിന്‍റെ സെർഗെ കുഡ്- സ്‌വേർചോവിന് കൈമാറുകയും ചെയ്തു. സഞ്ചാരിയുടെ ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് നേരത്തെയുള്ള മടക്കം. ഡ്രാഗൺ പേടകം കാലിഫോർണിയ തീരത്തിനടുത്ത് ശാന്ത സമുദ്രത്തിലാണ് ഇറങ്ങുക. ക്രൂ-11 ബഹിരാകാശ ദൗത്യ സംഘത്തിലെ നാസയുടെ സഞ്ചാരിക്ക് ആരോഗ്യപ്രശ്നം വന്നതാണ് മടക്കത്തിന് കാരണം.
ഒരു നാസയുടെ സഞ്ചാരിക്ക് ആരോഗ്യപ്രശ്‌നം
ക്രൂ-11 ബഹിരാകാശ ദൗത്യ സംഘത്തിലെ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്. എന്താണ് ആ പ്രശ്‌നമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു സഞ്ചാരിക്ക് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് നാസ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലോകത്തെ അറിയിക്കുകയായിരുന്നു. ജനുവരി എട്ടിന് സെന കാർഡ്‌മാനും മൈക്ക് ഫിൻകെയും ചേർന്ന് ഒരു ബഹിരാകാശ നടത്തം പദ്ധതിയിട്ടിരുന്നു. നിലയത്തിന്‍റെ പവർ സിസ്റ്റത്തിലെ അറ്റകുറ്റപ്പണിയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇവരിലൊരു സഞ്ചാരിയുടെ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് അവസാന നിമിഷം ഈ ബഹിരാകാശ നിലയ അറ്റകുറ്റപ്പണി നാസ മാറ്റിവച്ചു. സെനയ്ക്കാണോ മൈക്കിനാണോ ആരോഗ്യപ്രശ്നമെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല. ആ വ്യക്തിയുടെ സുരക്ഷ കണക്കിലെടുത്താണ് ക്രൂ-11 ദൗത്യം വെട്ടിച്ചുരുക്കുന്നത്.
ക്രൂ-11 സംഘം ജനുവരി 15ന് ഭൂമിയിലെത്തും
ജനുവരി 14ന് അമേരിക്കൻ സമയം വൈകുന്നേരം 5 മണിക്ക് സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ-11 നാലംഗ സംഘവുമായി ഭൂമി ലക്ഷ്യമാക്കി പുറപ്പെടും. ഇന്ത്യൻ സമയം ജനുവരി 15 പുലർച്ചെ 3.30ന് ഡ്രാഗണ്‍ പേടകം ഭൂമിയിൽ ഇറങ്ങും എന്നാണ് നാസയുടെ അറിയിപ്പ്.



