15-മത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ നാളെ മുതല്‍ ഈ മാസം 28-വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 1962-തെരഞ്ഞെടുപ്പ് നിയമത്തിലെ 35-മത്തെ നമ്പര്‍ തീരുമാനപ്രകാരമാണിതെന്ന് ആഭ്യന്തര വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

30-വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ക്ക് മല്‍സരിക്കാന്‍ അവകാശമുണ്ട്.എന്നാല്‍,ചില നിബന്ധനകളും സ്ഥാനാര്‍ത്ഥികള്‍ പാലിക്കേണ്ടതുണ്ട്. അറബിക് ഭാഷ എഴുതാനും,വായിക്കാനും അറിഞ്ഞിരിക്കണം.കൂടാതെ,ക്രിമിനല്‍ പശ്ചാത്തലമോ,കുറ്റകൃത്വങ്ങളുടെ പേരില്‍ കേസുകള്‍ ഒന്നും ഇല്ലാത്തവരായിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഷുവൈഖ് റസിഡന്‍ഷ്യല്‍ എരിയായിലുള്ള ഓഫീസില്‍ അവധി ദിവസങ്ങള്‍ അടക്കം രാവിലെ 7.30 മുതല്‍ രാത്രി ഒന്നര വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.പൗരത്വം തെളിയിക്കുന്ന രേഖകളും, 50 ദിനാര്‍ ഫീസും അടക്കണം.ഞായറാഴ്ചയായിരുന്നു അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബ മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം പാര്‍ലമെന്‍റ് പിരിച്ച് വിട്ടത്.

ഇന്നലെ കൂടിയ മന്ത്രിസഭ അടുത്ത മാസം 26-ന് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചിരുന്നു.ഡിസംബര്‍ 12-ന് പുതിയ പാര്‍ലമെന്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടടുള്ളത്.