കുവൈത്ത് സിറ്റി: കുവൈറ്റില്‍ തെരഞ്ഞെടുപ്പ് നടപടികളുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് പഠനം നടത്തുന്നതിനായി നിയമിച്ച കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.കുവൈത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. തെരഞ്ഞെടുപ്പ് മേല്‍നോട്ടങ്ങള്‍ക്കായി ഉന്നത തെരഞ്ഞെടുപ്പ് കമീഷന്‍ രൂപവത്കരിക്കണമെന്ന് നിര്‍ദേശമുണ്ട്.

ഒന്നര മാസം മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു പരിഷ്‌ക്കരണങ്ങളെക്കുറിച്ച് സാധ്യത തേടി സര്‍ക്കാര്‍ കമീഷനെ നിയമിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകാരവും തെരഞ്ഞെടുപ്പ് രീതി പരിഷ്‌കരിക്കല്‍ അടക്കമുള്ളവയെക്കുറിച്ച് കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് മേല്‍നോട്ടങ്ങള്‍ക്കായി ഉന്നത തെരഞ്ഞെടുപ്പ് കമീഷന്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്.സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പ്രസ്തുത കമീഷന്റെ കീഴിലായിരിക്കണം. വോട്ട് ചെയ്യാനുള്ള പ്രായപരിധി 21-ല്‍ നിന്ന് 18 ആയി കുറക്കണം, സ്ഥാനാര്‍ഥിയാവുന്നതിന് 30-വയസെന്നുള്ളത് 25 വയസ്സാക്കണം. നിലവില്‍, 20 വര്‍ഷത്തിനുള്ളില്‍ പൗരത്വം നേടിയവര്‍, പോലീസുകാര്‍, സൈനികര്‍, കൊടുംകുറ്റവാളികള്‍, തടവുപുള്ളികള്‍, എന്നിവര്‍ക്കും വോട്ടവകാശമുണ്ടാവില്ല. ഇതില്‍, പോലീസ് സൈനികര്‍ എന്നിവര്‍ക്ക് വോട്ടുചെയ്യാന്‍ അനുമതി നല്‍കണം.

പത്ത് വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന്റെ ഭാഗമായി ഒരാള്‍ക്ക് ഒരു വോട്ട് സംവിധാനം ഏര്‍പ്പെടുത്തിയത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുതിയില്ലാത്ത രാജ്യത്ത്, ചെറിയ ഗോത്രങ്ങള്‍ക്ക് വലിയ പ്രാതിനിധ്യവും വലിയ ഗോത്രങ്ങളില്‍ ഭിന്നതയുമാണ് ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.