കുവൈറ്റില്‍ വിദേശികള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ ചികില്‍സാ ഫീസ് വര്‍ധനവിനെതിരെ സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച കേസ് തള്ളി. സുപ്രീംകോടതിയിലെ ഭരണവകുപ്പാണ് കേസ് തള്ളിയത്.

ഒക്‌ടോബര്‍ ഒന്ന് മുതലാണ് സര്‍ക്കാര്‍ ആശുപത്രികളിലും, ക്ലിനിക്കുകളിലും വിദേശികള്‍ക്ക് മാത്രമായി ഫീസ് വര്‍ധനവ് നിലവില്‍ വന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സ്വദേശി അഭിഭാഷകനായ അഡ്വ. ഹാഷിം അല്‍ രിഫാഇ കോടതിയെ സമീപിച്ചിരുന്നതാണ് ഇന്ന് സുപ്രീംകോടതിയിലെ ഭരണവകുപ്പ് തള്ളിയത്. ആരോഗ്യ വകുപ്പിനുവേണ്ടി ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് ഫത്‍വ ആന്റ് ലെജിസ്ലേഷന്‍ വകുപ്പാണ് കോടതിയിലെത്തിയത്. ഫീസ് വര്‍ധനവ് നടപ്പാക്കിയതിന്റെ കാര്യങ്ങളും കാരണങ്ങളും വകുപ്പ് കൃത്യമായി ബോധിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓഗസറ്റിലാണ് തീരുമാനം നടപ്പാക്കുന്നതിന് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കേസ് നല്‍കിയത്. തുടര്‍ന്ന്, കഴിഞ്ഞ നാലിന് വാദം കേട്ടിരുന്നു.

സര്‍ജറികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ലബോറട്ടറി സേവനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള നിരക്കുകള്‍ വര്‍ധിച്ചതാണ് ഫീസ് വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതിനു കാരണം. എന്നാല്‍ അടിയന്തര, ഗുരുതര കേസുകളിലും, ഗാര്‍ഹിക തൊഴിലാളികള്‍ എന്നീങ്ങനെയുള്ളവര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. നിരക്ക് വര്‍ധനവിനെക്കുറിച്ച് മൂന്നുമാസത്തിനുശേഷം അവലോകനം ചെയ്ത്, വര്‍ധനവ് തുടരണമോ, നിര്‍ത്തലാക്കണമോയെന്നു മന്ത്രാലയത്തിലെ ഉന്നതാധികാര അതോരിറ്റി തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയ ആക്ടിങ് അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.