ഗതാഗത നിയമം ലംഘിച്ച് പ്രധാന റോഡുകളിലും ഹൈവേകളിലും ജനവാസ മേഖലകളിലും ഓടിച്ച 51 ഡെസേര്‍ട്ട് ബൈക്കുകള്‍ അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയിത്. ബൈക്കുകള്‍ പൊതുനിരത്തില്‍ ഓടിച്ചതിന് പിടിയിലായവരെ നിയമ നടപടിക്ക് വിധേയരാക്കിയിട്ടുണ്ട്. 1983ലെ നിയമത്തില്‍ ഭേദഗതിയും വരുത്തി അടുത്തിടെയാണ് ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് ഇത്തരക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നത് സംബന്ധിച്ചുള്ള പുതിയ ഉത്തരവും ഇറക്കിയത്.
തുടര്‍ന്ന്, കഴിഞ്ഞ ബുധനാഴ്ച വരെ ആഭ്യന്തര മന്ത്രാലയം ബോധവത്കരണ പ്രചരണവും നടത്തി. നിയമലംഘനം നടത്തുന്നവരെ കസ്റ്റഡിയിലെടുക്കുമെന്നും പ്രായപൂര്‍ത്തിയാകാത്തവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും കൂടാതെ,ഇവരുടെ മാതാപിതാക്കള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. അതിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടിക്കൂടിയിരിക്കുന്നത്.പിടികൂടിയ എല്ലാ വാഹനങ്ങളും ട്രാഫിക് വിഭാഗത്തിന്റെ പ്രത്യേക ഗാരേജുകളിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമായി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശൂയഅ് വ്യക്തമാക്കിയിട്ടുമുണ്ട്.
