കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളായ അധ്യാപകരെ പിരിച്ച് വിടുന്നതായി പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് വിഭ്യാഭ്യാസ മന്ത്രാലയം.നൂറ് കണക്കിന് അധ്യാപകരെ ഒഴിവാക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളലെ വന്ന വാര്‍ത്തയോടെ പ്രതികരിക്കുകയായിരുന്നു വകുപ്പ് ഡയറക്ടര്‍.

വിദേശികളായ 800 അധ്യാപകരെ ഒഴിവാക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വകുപ്പ് ഡയറക്ടര്‍ സൗദ് അല്‍ ജൊവൈസ്രി നിഷേധിച്ചത്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രൈമറി ക്ലാസുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പാഠ്യവിഷയമായിരിക്കില്ല.അത്‌കൊണ്ട് കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്ന അധ്യാപകരുടെ കരാര്‍ ആഗസ്‌റ്റോടെ അവസാനിപ്പിക്കും.ഒഴിവാക്കപ്പെടുന്നതു സംബന്ധിച്ച് അധ്യാപകരെ കഴിഞ്ഞവര്‍ഷംതന്നെ അറിയിക്കുകയും ചെയ്തിരുന്നതായും ഡയറക്ടര്‍ പറഞ്ഞു. ഇന്റര്‍മീഡിയേറ്റ്, സെക്കന്‍ഡറി ക്ലാസുകളില്‍ പഠിപ്പിക്കുന്ന കമ്പ്യൂട്ടര്‍ അധ്യാപകര്‍ക്ക് ഇത് ബാധകമല്ല. 

എന്നാല്‍,സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ്, ഇസ്ലാമിക സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഒഴിവാക്കുമെന്ന കുപ്രചരണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. സെക്കന്‍ഡറി ക്ലാസുകളില്‍ അവസാന വര്‍ഷം പഠിക്കുന്ന കുട്ടികളുള്ള അധ്യാപകരുടെയും, യുദ്ധം നടക്കുന്ന സിറിയയൈമന്‍ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള അധ്യാപകരുടെയും കാര്യം അണ്ടര്‍ സെക്രട്ടറി പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കെള്ളുമെന്നും വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.