കുവൈത്തിൽ ഗതാഗത പിഴ ഇനത്തില്‍ 3.5 ദശലക്ഷം ദിനാർ പിരിച്ചെടുത്തു. ഇത് കമ്പിനികളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മാത്രമുള്ളതാണന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ പിഴയടയ്ക്കാന്‍ വീഴ്ചവരുത്തിയ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നുമായി 3.5 ദശലക്ഷം ദിനാര്‍ ശേഖരിച്ചതായി ഗതാഗതവകുപ്പ് അറിയിച്ചു. തങ്ങളുടെ ട്രക്കുകളുടെയും മറ്റു വാഹനങ്ങളുടെയും രജിസ്ട്രേഷനും ഡ്രൈവര്‍മാരുടെ ലൈസന്‍സും പുതുക്കുന്നതിനും മുമ്പ് പിഴയടയ്ക്കാനുള്ളവര്‍ അത് അടച്ചുതീര്‍ക്കേണ്ടതാണ്. ഇത് ശക്തമായി നടപ്പിലാക്കിയത് കൊണ്ടാണ് ഇത്രയും തുക പിരിച്ചെടുക്കാനായത്.
പതിനായിരം മുതല്പന്തീരായിരംവരെ ദിനാര്‍ പിഴയായി ചില കമ്പനികളില്‍ നിന്നും പിരിച്ചെടുത്തിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ ഡയറക്ടര്‍ ജനറലായി മേജര്‍ ജനറല്‍ ഫഹദ് അല്‍ഷുവേ ചുമതലയേറ്റതിനുശേഷം മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഫൈന്‍ നല്‍കാനുള്ളവരുടെ ഫയലുകള്‍ പ്രത്യേകം നിരീക്ഷിച്ചിരുന്നു. പിഴയടയ്ക്കാന്‍ വീഴ്ചവരുത്തിയ സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ പ്രതിനിധികള്‍ ഗതാഗത വകുപ്പിന്റെ ഓഫീസുകളില്‍ ഏതെങ്കിലും ആവശ്യത്തിനായി എത്തുമ്പോള്‍ പിഴത്തുക പൂര്‍ണമായി അടച്ചതിനുശേഷം മാത്രമേ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മതിയെന്ന കര്‍ശന നിര്ദേശത്തെ തുടര്‍ന്നാണ് ഇത്രയും തുക പിരിച്ചെടുക്കാനായത്.
