കുവൈത്ത് സിറ്റി: കുവൈത്തിലെ ഫുട്‌ബോള്‍ സംഘടനയ്‌ക്കെതിരെ ഫിഫ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് താല്‍ക്കാലികമായി മാറ്റണമെന്ന് ആവശ്യപ്പെടുമെന്ന് സ്‌പോര്‍ട്‌സ് പാര്‍ലമെന്ററി കമ്മിറ്റി. കഴിഞ്ഞ ദിവസം കുടിയ കമ്മിറ്റിയിലാണ് ഇത്തരമെരു തീരുമാനം കൈകൊണ്ടത്. കഴിഞ്ഞ ആഴ്ചയില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇത്തരമൊരു ആവശ്യം തള്ളിയിരുന്നു.
ഒരു വര്‍ഷത്തിലേറെയായി രാജ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് താല്‍ക്കാലികമായി നീക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷനു അപേക്ഷ നല്‍കാന്‍ കുവൈറ്റ് യുവജനകാര്യ, സ്‌പോര്‍ട്‌സ് പാര്‍ലമെന്ററി കമ്മിറ്റി ഇന്നു തീരുമാനിച്ചത്. വിലക്ക് താല്‍ക്കാലികമായി നീങ്ങിയാല്‍ ഏഷ്യന്‍ കപ്പ് ഫൈനലിനുവേണ്ടി കളിക്കാന്‍ കുവൈറ്റ് ടീമിനു സാധിക്കും. ദേശീയ സ്‌പോര്‍ട്‌സ് നിയമങ്ങളും നിയന്ത്രണങ്ങളും ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചിരിക്കുന്നതിനാല്‍ രാജ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് താല്‍ക്കാലികമായി നീക്കാന്‍ ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ സാദൗണ്‍ ഹമ്മദ് അല്‍ ഒട്ടൈബി എംപി വ്യക്തമാക്കി. സര്‍ക്കാരിന്റെ പുതിയ സ്‌പോര്‍ട്‌സ് നിയമഭേദഗതിയുടെ 74 വകുപ്പുകളും മറ്റനേകം കരട് നിയമങ്ങളുമടങ്ങിയവ കമ്മീഷന് ലഭിച്ചിട്ടുണ്ട്. കമ്മീഷന്റെ അടുത്ത യോഗം ജനുവരി 9 ന് നടക്കും. സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന യോഗത്തിലേക്ക് യുവജനകാര്യ, സ്‌പോര്‍ട്‌സ് മന്ത്രി ഷേഖ് സല്‍മാന്‍ സാബാ സാലെം അല്‍ ഹുമുദ് അല്‍ സാബായെയും ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു കുവൈത്തിന് അന്താരാഷ്ട്ര കായിക സംഘടനകള്‍, സര്‍ക്കാര്‍ സ്‌പോര്‍ട്ടസ് അസോസിയേഷനുകളില്‍ ഇടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തിയത്.അന്താരാഷ്ട്ര കായിക നിയമങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ കായിക നിയമങ്ങള്‍ ഭേദഗതി ചെയ്യുകയാണന്നും അതിന്റെ അടിസ്ഥാനത്തില്‍ വിലക്ക് താല്‍കാലികമായി നീക്കണമെന്ന് കഴിഞ്ഞ മാസം 23ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോടെ അപേക്ഷിച്ചിരുന്നു.എന്നാല്‍,രാജ്യത്തെ കായിക നിയമങ്ങള്‍ ഭേദഗതി ചെയ്യാതെ വിലക്ക് നീക്കില്ലെന്ന മറുപടി കത്താണ് കഴിഞ്ഞ ദിവസം ഐ.ഒ.സിയില്‍ നിന്ന സര്‍ക്കാറിന് ലഭിച്ചത്.
