ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ തുടരുന്നത് പ്രശ്നപരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് സൂചന. കാര്യങ്ങള്‍ ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറക്കുമെന്ന് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീര്‍ മുന്നറിയിപ്പ് നല്‍കി.
ഗള്‍ഫ് രാജ്യങ്ങളുടെ ഏകോപനത്തിന്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രൂപീകരിച്ചു നാല് പതിറ്റാണ്ടു പൂര്‍ത്തിയാകുമ്പോള്‍ അംഗരാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ രൂക്ഷമാകുന്നതില്‍ ഏറെ വേദനയുണ്ടെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് പറഞ്ഞു. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്തയാളാണ് താനെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ തന്നാലാവുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇരു വിഭാഗത്തെയും സമവായത്തിന്റെ പാതയിലെത്തിക്കുക ശ്രമകരമായ ജോലിയാണെന്ന സന്ദേശം തന്നെയാണ് കുവൈത്ത് അമീറിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഇതിനിടെ, ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ആഭ്യന്തര പ്രശനങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ പെരുപ്പിച്ചു കാണിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ തങ്ങള്‍ക്കുള്ള പരിഭവങ്ങള്‍ അന്തരാഷ്‌ട്ര സമൂഹത്തിനു മുന്നില്‍ വിളിച്ചു പറഞ്ഞു സഹതാപം പിടിച്ചു വാങ്ങുന്നതിനു പകരം സല്‍മാന്‍ രാജാവിന്റെ കൈകളിലാണ് യഥാര്‍ത്ഥ പരിഹാരമുള്ളതെന്ന് ഖത്തര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഖത്തറിന്റെ പരമാധികാരത്തെ തകര്‍ക്കുന്ന യാതൊരു ഒത്തു തീര്‍പ്പുകള്‍ക്കും തങ്ങള്‍ വഴങ്ങുമെന്ന് ആരും പ്രതീക്ഷിക്കണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുസ്ലിം രാഷ്‌ട്രത്തെ നയതന്ത്ര തലത്തില്‍ ഉപരോധിക്കുന്നത് ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് നിരക്കുന്ന നടപടിയല്ലെന്ന് അന്താരാഷ്‌ട്ര ഇസ്‌ലാമിക പണ്ഡിത സഭാ ചെയര്‍മാന്‍ ഷെയ്ഖ് അലി മുഹിയുദ്ധീന്‍ അല്‍ കുര്‍റ അഭിപ്രായപ്പെട്ടു. ഇസ്ലാമിക മൂല്യങ്ങളെ മുന്‍നിര്‍ത്തി ഒരു മേശക്കു ചുറ്റുമിരുന്നു പരസപരം സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ളൂവെന്നും, ചില നിഗൂഢ ശക്തികള്‍ മാധ്യമങ്ങളെ കരുവാക്കി നടത്തുന്ന നുണപ്രചാരങ്ങള്‍ക്ക് വഴങ്ങി ചില ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ സഹോദര ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
