സ്വകാര്യ മേഖലയില്‍ കുവൈത്ത് തൊഴിലാളികളുടെ പങ്കാളിത്തം എത്ര വേണം എന്നത് സംബന്ധിച്ച പുതിയ നിയമം ഈ വര്‍ഷം ആദ്യം കൊണ്ടുവരുമെന്ന് തൊഴില്‍-സാമൂഹികകാര്യ വകുപ്പ് മന്ത്രി അറിയിച്ചു. തൊഴില്‍ വിപണിയിലെ പുതിയ തീരുമാനങ്ങള്‍ പ്രായോഗികമാണോയെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ വിപണിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ തീരുമാനങ്ങള്‍ തയാറാക്കിയത് കുവൈത്ത് മാനവവിഭവശേഷി പൊതു അതോറിട്ടിയാണ്. അതോറിട്ടിയുടെ നിര്‍ദേശങ്ങള്‍ കുവൈറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, കുവൈറ്റ് ഇന്‍ഡസ്ട്രീസ് യൂണിയന്‍, കുവൈറ്റ് ഫാര്‍മേഴ്‌സ് യൂണിയന്‍, മറ്റു തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയവ വിശദമായി പഠനം നടത്തിയിരുന്നു. നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമായ ഭേദഗതികളോടെ അതോറിട്ടിയുടെ നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. രാജ്യത്തിന്റെ വികസന പദ്ധതികളുടെ സുപ്രധാന ഘടകങ്ങളായ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് സ്വദേശി പൗരന്‍മാരെ ആകര്‍ഷിക്കുന്നതിനാണ് പുതിയ നിയമ നിര്‍ദേശങ്ങളെന്ന് തൊഴില്‍-സാമൂഹികകാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് കൂട്ടിച്ചേര്‍ത്തു.ഇക്കാര്യത്തില്‍ ഏറ്റവും അനുയോജ്യമായ തീരുമാനമെടുക്കുന്നതിന് ജനസംഖ്യാനുപാത പരമോന്നത കമ്മിറ്റിയും തൊഴില്‍ വിപണിയില്‍ വിശദമായ പഠനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.