കുവൈറ്റില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് അധികൃതര്‍ തെരയുന്ന 1750 പേരെ കണ്ടെത്തി പിടികൂടാന്‍ വിവിധ രാജ്യങ്ങളിലെ ഇന്റര്‍പോള്‍ യൂണിറ്റുകളുടെ സഹായം കുവൈത്ത് ഇന്‍റര്‍പോളിനോട് തേടിയിരിക്കുന്നത്. ഇവരുടെ പട്ടികയിലുള്ളവര്‍ തങ്ങളുടെ മാതൃരാജ്യത്തിലേക്കോ മറ്റു രാജ്യങ്ങളില്‍ അഭയാര്‍ഥികളായോ രക്ഷപ്പെട്ടിട്ടുള്ളതായാണ് കരുതുന്നത്. 

ഇവരില്‍ ഇരുപതു ശതമാനംപേര്‍ സ്ത്രീകളാണ്. പട്ടികയിലുള്ള ചിലര്‍ക്കെതിരേ കുവൈത്ത് കോടതികള്‍ വിധി പ്രസ്താവിച്ചിട്ടുള്ളതും, ചിലര്‍ ഗുരുതരമായ കുറ്റങ്ങളുടെ പേരില്‍ കോടതി നടപടികള്‍ നേരിടുന്നതുമാണ്. ഇതില്‍ 350 പേര്‍ സ്വദേശികളാണ്. രാജ്യസുരക്ഷാ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരും ഗൗരവമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിരിക്കുന്നവരുമാണ് പട്ടികയിലുള്ളത്. 

തടവുകാരെ കൈമാറുന്നതിനായി കരാറുണ്ടാക്കാത്ത പല രാജ്യങ്ങളിലേക്കുമാണ് മിക്ക കുറ്റവാളികളും രക്ഷപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടിരിക്കുന്ന കുറ്റവാളികള്‍ ഉള്‍പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലും മലമ്പ്രദേശങ്ങളിലുമാണ് വസിക്കുന്നതെന്ന് കരുതുന്നതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.