കുവൈത്ത് സിറ്റി: മധ്യേഷ്യയിലെ ചില രാജ്യങ്ങളില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുന്നതിന് കുവൈറ്റ് നടത്തുന്ന ശ്രമങ്ങള്‍ക്ക് വീണ്ടും അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം. ഖത്തര്‍ വിഷയത്തില്‍ കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങളെ ഖത്തര്‍ അമീര്‍ പ്രശംസിച്ചു. മേഖലയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി കുറയ്ക്കുന്നതിനും പ്രശ്‌നപരിഹാരത്തിനുമായി കുവൈറ്റ് നടത്തിവരുന്ന മധ്യസ്ഥശ്രമങ്ങള്‍ക്കാണ് അന്താരാഷ്ട്ര സമൂഹം വീണ്ടും സമ്പൂര്‍ണ പിന്തുണയാണ് നല്‍കിയത്.

അടുത്തിടെ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധവുമായി ബന്ധപ്പെട്ട് കുവൈത്ത് അമീര്‍ ഷേഖ് ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ, അമേരിക്കയും,ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. കൂടാതെ കുവൈറ്റ് അമീറിന്റെ സത്യസന്ധമായ മധ്യസ്ഥശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ഖത്തര്‍ അമീര്‍ ഷേഖ് തമീം അല്‍ താനി കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ വ്യക്തമാക്കിയിരുന്നു.

യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന്റെ തീവ്രത കുറയ്ക്കാനും പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്നു വിഭാഗങ്ങളെയും ഒരു മേശയ്ക്കുചുറ്റും കൊണ്ടുവരാനായതും കുവൈറ്റിന്റെ നേട്ടമാണ്. തീവ്രവാദ സംഘടനയായ ഐഎസിനെതിരേ സിറിയയിലും ഇറാക്കിലുമായി നടക്കുന്ന പോരാട്ടങ്ങളിലും കുവൈറ്റിന്റെ പിന്തുണയുണ്ട്. ആഭ്യന്തര യുദ്ധം രൂക്ഷമായ രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവും സഹായവുമായി വിവിധ രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കുവൈറ്റ് എപ്പോഴും രംഗത്തുള്ളതാണ് ലോകരാജ്യങ്ങളുടെ അംഗീകാരത്തിന് കാരണം.