കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് വര്‍ധന മൂന്നുമാസത്തിനുശേഷം അവലോകനം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഖാഷ്ടി വ്യക്തമാക്കി.

നിരക്കുവര്‍ധനയുടെ പരിണിതഫലം അവലോകനം ചെയ്തശേഷം വര്‍ധനവ് തുടരണമോ, നിറുത്തലാക്കണമോയെന്നു ബന്ധപ്പെട്ട അതോറിട്ടി തീരുമാനിക്കും. മന്ത്രാലയത്തിലെ ഉന്നതാധികാര അതോറിട്ടിയായ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാരുടെ കൗണ്‍സിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിരക്ക് വര്‍ധനവില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികള്‍, അത്യാഹിത വിഭാഗത്തിലും ഗുരുതരാവസ്ഥയിലും ചികിത്സ തേടിയെത്തുന്നവര്‍ അടക്കമുള്ള ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, 60 മുതല്‍ 100 ദിനാര്‍ വരെ ശമ്പളം വാങ്ങുന്ന ശുചീകരണ ജോലിക്കാരും മറ്റും നിരക്ക് വര്‍ധനയുടെ പരിധിയിലുമുണ്ട്. 

ഇത്തരക്കാര്‍ക്ക്, മറ്റ് ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാനോ പരിശോധനകള്‍ നടത്താനോ നിലവിലെ സാഹചര്യത്തില്‍ പ്രയാസകരമാണ്. തീരുമാനം പുനഃപരിശോധിക്കാന്‍ മനുഷ്യാവകാശ സമിതി ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൊണ്ട് മന്ത്രാലയം ലക്ഷ്യമാക്കുന്നത് തിരക്ക് കുറക്കലായിരിക്കും. 

എന്നാല്‍, ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കൂടി ചിന്തിക്കേണ്ടതുണ്ടെന്നും സമിതി ആരോഗ്യമന്ത്രലയത്തെ ഓര്‍മിപ്പിച്ചു. ഫീസ് വര്‍ധനവിനെ ചോദ്യം ചെയ്ത് സ്വശേിയായ അഡ്വ. ഹാഷിം അല്‍ രിഫാഇ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം 25-നാണ് കേസ് പരിഗണിക്കുന്നത്.