ആലപ്പുഴ: നഴ്സുമാരുടെ സമരത്തെത്തുടര്‍ന്ന് ചേര്‍ത്തല കെ.വി.എം ആശുപത്രി അടച്ചുപൂട്ടുന്നു. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതെ അടച്ചുപൂട്ടാനാണ് തീരുമാനമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. നഴ്സുമാരുടെ സമരത്തെത്തുടര്‍ന്ന് ആശുപത്രി പൂട്ടാനൊരുങ്ങുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.
117 നഴ്സുമാര്‍ കഴിഞ്ഞ രണ്ടുമാസമായി ചേര്‍ത്തലയിലെ കെ.വി.എം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുകയാണ്. നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ആശുപത്രി മാനേജ്മെന്റിന്റെ നിര്‍ണ്ണായക നീക്കം. സമരം അക്രമാസക്തമാകുന്നുവെന്നും ആശുപത്രി ജീവനക്കാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം. നഴ്സുമാര്‍ക്ക് വേണ്ടി രംഗത്തെത്തിയ രാഷ്ട്രീയ പാര്‍ട്ടികളും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് മാനേജ്മെന്റിന്റെ വാദം.
പുതിയ രോഗികളെ പ്രവേശിപ്പിക്കാതെ നിലവിലുള്ള രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കും. രണ്ട് നഴ്സുമാരെ മാനജ്മെന്റ് പുറത്താക്കിയതാണ് സമരം ഇത്രയേറെ രൂക്ഷമായത്. കഴിഞ്ഞ ദിവസം മന്ത്രിമാരായ തോമസ് ഐസക്കും പി തിലോത്തമനും ജില്ലാ കള്കടറും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയും അലസിപ്പിരിഞ്ഞിരുന്നു. പുറത്താക്കിയ തിരിച്ചെടുക്കാനാവില്ലെന്നാണ് മാനേജ്മെന്റ് തീരുമാനം. ഇതിനിടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ആശുപത്രി മാനേജ്മെന്റിന്റെ വാഹനങ്ങള്‍ തടഞ്ഞിരുന്നു. സമരം രൂക്ഷമായ സാഹചര്യത്തിലാണ് മാനേജ്മെന്റിന്റെ കടുത്ത തീരുമാനം.
