ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നടക്കുന്ന തൊഴില്‍ സമരം ഒത്തുതീര്‍ക്കുന്നതിനായി അനുഭവസമ്പന്നനായ ഒരു മധ്യസ്ഥനെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച കാര്യങ്ങള്‍ക്കായി ആലപ്പുഴയില്‍ 19 ന് കമ്മീഷന്‍ സിറ്റിംഗ് നടത്തും.

മധ്യസ്ഥത സംബന്ധിച്ച് സര്‍ക്കാരിന് വേണ്ടി തൊഴില്‍ വകുപ്പ് സെക്രട്ടറിയും സമരം നടത്തുന്ന യുഎന്‍എ പ്രതിനിധികളായ ജാസ്മിന്‍ ഷാ, ജിജി ജേക്കബ്, ബിന്ദു മോള്‍ എന്നിവരും പരാതിക്കാരായ കെവിഎം ആശുപത്രിയിലെ ജീവനക്കാരും കമ്മീഷന്‍ സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകണം. ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസാണ് നേരിട്ട് ഹാജരാകണമെന്ന് വ്യക്തമാക്കിയത്. 

സിറ്റിംഗില്‍ ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഫെബ്രുവരി 19 വരെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ സമരക്കാര്‍ ശ്രദ്ധിക്കുന്നത് അഭികാമ്യമാണെന്നും കമ്മീഷന്‍ പറഞ്ഞു. കെവിഎം ആശുപത്രിയിലെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ തൊഴിലാളി നേതാക്കള്‍ ആശുപത്രിയിലെ തര്‍ക്കം സംബന്ധിച്ച് നല്‍കിയ പരാതി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ കൈമാറിയിരുന്നു.