മൊബൈല്‍ കടകളില്‍ നൂറു ശതമാനം സ്വദേശി വത്കരണം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമാണ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നത്. ആദ്യഘട്ടത്തില്‍ അമ്പത് ശതമാനവും സെപ്റ്റംബര്‍ മുതല്‍ നൂറു ശതമാനവും സ്വദേശി വത്കരണം നടപ്പിലാക്കാനാണ് നിര്‍ദേശം. നിയമം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ മൊബൈല്‍ കടകളില്‍ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം ജിദ്ദയില്‍ തൊഴില്‍മന്ത്രി മുഫ്രിജ് അല്‍ ഹഖബാനിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. സ്വദേശികളെ വെക്കാന്‍ സാധിക്കാത്ത പല മൊബൈല്‍ കടകളും ഇതിനകം അടച്ചു പൂട്ടി. ചില കടകളില്‍ നിന്ന് മൊബൈലുകള്‍ മാറ്റി മറ്റു പല സാധനങ്ങളുടെയും വില്‍പ്പന ആരംഭിച്ചു. 

ചിലര്‍ സ്വദേശികളെ ജോലിക്ക് വെച്ചു. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ പരിശീലനം ലഭിച്ച പതിനായിരക്കണക്കിന് സൗദികള്‍ തൊഴില്‍ വിപണിയില്‍ ഉണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്ന സൗദികള്‍ക്ക് തൊഴില്‍ മന്ത്രാലയം തന്നെ നേരിട്ട് നിയമനം നല്‍കുന്ന പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു ഭാഗവും മലയാളികളാണ്. സ്വദേശീവല്‍ക്കരണത്തെതുടര്‍ന്ന്‍ പലര്‍ക്കും ഇതിനകം ജോലി നഷ്‌ടമായി. മൊബൈല്‍ വില്‍പന, മെയിന്റനന്‍സ് എന്നീ മേഖലകള്‍ക്കെല്ലാം നിയമം ബാധകമാണ്. നിയമം ലംഘിച്ചാല്‍ ഇരുപതിനായിരം റിയാല്‍ വരെ പിഴ ചുമത്തും. പിടിക്കപ്പെടുന്ന വിദേശികളെ നാടു കടത്തും.