ദില്ലി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഇടത് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ രൂപം കൊള്ളുന്നു. കോൺഗ്രസ് ബന്ധം സിപിഎമ്മിനുള്ളിൽ തർക്കവിഷയമാകുമ്പോൾ കോൺഗ്രസിനെ മാറ്റി നിറുത്തിയാണ് തൊഴിലാളി കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്
കോൺഗ്രസിനോടും സിപിഎമ്മിനോടും തുല്യ അകലം പാലിക്കുന്ന നിലവിലെ നയം മാറ്റുന്ന കാര്യം സിപിഎമ്മിൽ തർക്കവിഷയമാണ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരടു രാഷ്ട്രീയ പ്രമേയത്തിനുള്ള ചർച്ചയ്ക്കായി അടുത്ത മാസം രണ്ടിന് വീണ്ടും പോളിറ്റ് ബ്യൂറോ ചേരുന്നുണ്ട്. നരേന്ദ്ര മോദി സർക്കാരിനെതിരെ രൂപീകരിക്കുന്ന തൊഴിലാളി സംഘടനാ കൂട്ടായ്മയിലും ഈ ആശയക്കുഴപ്പം പ്രകടമാണ്.
ദേശീയ വിഷയങ്ങൾ ഉന്നയിച്ചുള്ള സമരത്തിൽ കോൺഗ്രസ് അനുകൂല സംഘടനകളെ മാറ്റിനിറുത്തിയാണ് ദില്ലിയിൽ കൺവെൻഷൻ സംഘടിപ്പിച്ചത്. ഇടതു ജനാധിപത്യ ചേരി ശക്തമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും തെരഞ്ഞെടുപ്പ് സഖ്യം പിന്നീട് ആലോചിക്കുമെന്നും പാർട്ടി നേതാക്കൾ പറഞ്ഞു
ബിജെപിയെ മുഖ്യശത്രുവായി കണ്ട് നയരൂപീകരണം നടത്തണം എന്നാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ പോളിറ്റ് ബ്യൂറോയിൽ നിർദ്ദേശിച്ചത്. കർഷക ആത്മഹത്യ , തൊഴിലാളികൾക്ക് കുറഞ്ഞ കൂലി, രൊഹിങ്ക്യൻ അഭയാർഥികൾക്കെതിരെ നടക്കുന്ന നീക്കം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
