റായ്ഗാഡ: ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വഴിയരികില്‍ പ്രവസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. ഒറിസയിലെ റായ്ഗാഡയില്‍ ഫക്കേരി പ്രദേശത്താണ് കഴിഞ്ഞ ദിവസമാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ കല്യാണ്‍സിംഗ്പൂരിലെ കമ്മ്യൂണിറ്റി സെന്ററില്‍ പ്രവേശിപ്പിച്ചു.
അലേമം സിക്കാക്ക എന്ന ഗര്‍ഭിണിക്ക് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ദുര്‍ഘടമായ വഴിയുള്ള ഈ പ്രദേശത്തേക്ക് ആംബുലന്‍സ് എത്തിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് പ്രദേശ വാസികള്‍ ചേര്‍ന്ന് നാലുകിലോമീറ്റര്‍ ചുമന്ന് റോഡുവരെ എത്തിച്ചു. തുടര്‍ന്ന് ചരക്കു വാനിലാക്കി വാദാധ്വരയിലെ കല്യാണി പുഴവരെ എത്തിച്ചു. എന്നാല്‍ പുഴയ്ക്ക് പാലമില്ലാത്തതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ സ്ട്രച്ചറിലാക്കി നീന്തിക്കടന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വേദന അസഹനീയമായ യുവതി വഴിയരികില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പും സമാനമായ സംഭവം നടന്നിരുന്നു. സിജ മിനിക എന്ന ഗര്‍ഭിണിയെ ഗ്രാമത്തില്‍ നിന്നും ആശുപത്രിയില്‍ എത്തിക്കുന്നതിനായി നാഗബലി പുഴ നീന്തിക്കടന്നാണ് സിക്കരാപായ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ഈ ആദിവാസി മേഖലകളില്‍ ഒരു പാലം പോലും ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
