ശ്രീനഗര്‍: ലോകത്തിന്റെ നെറുകയില്‍ വാഹനമോടിക്കാന്‍ ഇനി ലഡാക്കിലേക്ക് പോയാല്‍ മതി. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ വാഹനമോടിക്കാന്‍ സാധിക്കുന്ന റോഡ് ലഡാക്കില്‍ ഒരുങ്ങിക്കഴിഞ്ഞു. സമുദ്ര നിരപ്പില്‍ നിന്ന് 19,300 അടി ഉയരത്തിലാണ് ഇന്ത്യ ചൈന അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളായ ചിസ്മൂളില്‍ നിന്ന് ദേം ചോക്കിലേക്കുള്ള ഈ പാത നിര്‍മിച്ചിരിക്കുന്നത്. 86 കിലോമീറ്റര്‍ ദൂരമാണ് ഈ പാതയ്ക്കുള്ളത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ലേയില്‍ നിന്ന് 230 കിലോമീറ്റര്‍ ദൂരമുണ്ട് ഈ അതിര്‍ത്തി ഗ്രാമങ്ങളിലേയ്ക്ക്. ഹിമാങ്ക് പദ്ധതിയുടെ ഭാഗമായാണ് ജമ്മു കശ്മീരിന്റെ ഭാഗമായ ഉംലിങ്ക്ലാ മേഖലയില്‍ ഈ പാത നിര്‍മ്മിച്ചത്. 

അപകടകരമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. പാതയുടെ നിര്‍മാണത്തിനിടയില്‍ ഓക്സിജന്‍ ലഭ്യതക്കുറവ് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കാര്യക്ഷമത അന്‍പത് ശതമാനത്തിലേറെ കുറവ് വരുത്തിയിരുന്നെന്ന് ബി. ആര്‍. ഒ . പ്രതിനിധി പുര്‍വ്വിമാത് പറഞ്ഞു. 

പര്‍വ്വത മേഖലയിലെ റോഡ് നിര്‍മാണത്തിന് തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നെന്നും. ജീവന്‍ പോലും പണയം വച്ചാണ് പലപ്പോഴും തൊഴിലാളികള്‍ ജോലി പൂര്‍ത്തിയാക്കിയതെന്നും ബി. ആര്‍.ഒ. പ്രതിനിധികള്‍ പറഞ്ഞു.നേരത്തെയും സമുദ്ര നിരപ്പില്‍ നിന്ന് പതിനേഴായിരം അടി മുകളില്‍ രണ്ട് പാതകള്‍ നിര്‍മിച്ചിട്ടുണ്ട് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍.